പുനലൂര്‍: മണിയാര്‍ ഇടക്കുന്നില്‍ പറമ്പില്‍ ജോലി ചെയ്യുകയായിരുന്ന രണ്ടു സ്ത്രീകള്‍ ഇടിമിന്നലേറ്റു മരിച്ചു.
ഇടക്കുന്ന് ഗോകുലത്തില്‍ ചന്ദ്രബാബുവിന്റെ ഭാര്യ സരോജം (55), ഇടക്കുന്ന് മഞ്ജുഭവനില്‍ പരേതനായ മോഹനന്റ ഭാര്യ രജനി (58) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 11.30നാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ പണി ചെയ്തിരുന്ന ആറു സ്ത്രീകളില്‍ രണ്ടുപേര്‍ക്കാണ് മിന്നലേറ്റത്. ശക്തമായ മഴയെത്തുടര്‍ന്ന് അടുത്തുള്ള ആഞ്ഞിലിമരച്ചുവട്ടിലേക്കു മാറി നില്‍ക്കവേയാണ് ഇരുവര്‍ക്കും മിന്നലേറ്റത്.
ഇരുവരെയും ഉടന്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് വീട്ടുവളപ്പില്‍. ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ മറ്റു സ്ഥലത്തേക്കു മാറിയതിനാലാണ് രക്ഷപ്പെട്ടത്.
പുനലൂര്‍ നഗരസഭ മണിയാര്‍ വാര്‍ഡിലെ തൊഴിലുറപ്പു തൊഴിലാളികളായിരുന്നു സരോജവും രജനിയും. കഴിഞ്ഞ ദിവസം തൊഴിലുറപ്പു പണികള്‍ തീര്‍ന്നതോടെ ഇരുവരും സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ജോലിക്കെത്തിയതായിരുന്നു. രജനിയുടെ മകന് മനോജ്. സരോജത്തിന്റെ മക്കള്‍ ചന്തു (ഗള്‍ഫ്), നന്ദു (ആര്‍എസ്എസ് പുനലൂര്‍ മണ്ഡല് സഹകാര്യവാഹ്), ശ്രീകാന്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: