ന്യൂദല്‍ഹി: മണിപ്പൂരില്‍ അക്രമങ്ങള്‍ തടയുന്നതിനും സമാധാനം പുനഃസ്ഥാപിക്കാനുമായി നേരിട്ട് ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ സുരക്ഷാസ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിന് യോഗം ചേര്‍ന്നു. ദല്‍ഹിയില്‍ ആഭ്യന്തരമന്ത്രാലയത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
മണിപ്പൂരിലെ സുരക്ഷാസ്ഥിതിഗതികള്‍ സമഗ്രമായി അവലോകനം ചെയ്ത അമിത്ഷാ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസേനയെ തന്ത്രപരമായി വിന്യസിക്കണം. ആവശ്യമെങ്കില്‍ സേനയുടെ അംഗസഖ്യ വര്‍ധിപ്പിക്കും. അക്രമം നടത്തുന്നവര്‍ക്കെതിരെ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചു.
നിലവിലുള്ള വംശീയ സംഘര്‍ഷം പരിഹരിക്കുന്നതിന് ഏകോപിതമായ സമീപനം ആവശ്യമാണെന്ന് അമിത്ഷാ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം കുക്കി – മെയ്തെയ് വിഭാഗങ്ങളുമായി ഉടന്‍ ചര്‍ച്ച നടത്തും. മണിപ്പൂരിലെ സുരക്ഷാ സാഹചര്യം ശക്തിപ്പെടുത്തുന്നതിന് ഭാരതസര്‍ക്കാര്‍ മണിപ്പൂര്‍ സര്‍ക്കാരിന് എല്ലാ രീതിയിലും പിന്തുണ നല്‍കുമെന്നും അമിത്ഷാ വ്യക്തമാക്കി.
മണിപ്പൂരിലെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭാരതസര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം, വെള്ളം, മരുന്നുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ലഭ്യത സംബന്ധിച്ച് അദ്ദേഹ അവലോകനം ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ടപ്പെട്ടവര്‍ക്ക് ശരിയായ ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളും അവരുടെ പുനരധിവാസവും ഉറപ്പാക്കാന്‍ മണിപ്പൂര്‍ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, കരസേന മേധാവി മനോജ് പാണ്ഡെ, നിയുക്ത കരസേനാമേധാവി ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ദേക, മണിപ്പൂര്‍ സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ്, അസം റൈഫിള്‍സ് ഡയറക്ടര്‍ ജനറല്‍, ചീഫ് സെക്രട്ടറി, മണിപ്പൂര്‍ ഡിജിപി, കരസേനയിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: