ആലുവ : വനിതാ ഒട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ആലപ്പുഴ എഴുപുന്ന പാറായി കവല ഭാഗത്ത് വെമ്പിള്ളി വീട്ടിൽ അഗിൻ ഡാനിയൽ (സോളമൻ 22), എരമല്ലൂർ പടിഞ്ഞാറെ ചമ്മനാട് കറുക പറമ്പിൽ വീട്ടിൽ മനു (22) എന്നിവരെയാണ് ഞാറയ്‌ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
എടവനക്കാട് ചാത്തങ്ങാട് ബീച്ച് ഭാഗത്ത് വെച്ചാണ് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികളെ റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അമ്പേഷണ സംഘം മുംബൈ ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
കേസിൽ മുൻപ് അറസ്റ്റിലായ പ്രിയങ്കയുടെ അയൽവാസിയാണ് ഓട്ടോഡ്രൈവർ. ഇവർ തമ്മിലുള്ള വഴി തർക്കവും തുടർന്ന് പരാതികൾ കൊടുത്തതും കൊണ്ടുള്ള വിരോധം കൊണ്ട് പ്രിയങ്കയും ഭർത്താവും ഈ കേസിലെ പ്രതിയുമായി സജീഷും ഗൂഡാലോചന നടത്തി ഓട്ടോ ഡ്രൈവറെ വകവരുത്തുന്നതിനായി സജീഷിന്റെ കൂട്ടുകാരെ ഒരു ലക്ഷം രൂപയ്‌ക്ക് കരാറുറപ്പിച്ച് വിളിച്ചു വരുത്തുകയായിരുന്നു.
കഴിഞ്ഞ 10 ന് മനു പള്ളത്താംകുളങ്ങര സ്റ്റാൻഡിൽ നിന്നും മെഡിക്കൽ ട്രസ്റ്റ് ആശുപതിയിൽ ആക്സിഡൻ്റ് പറ്റിക്കിടക്കുന സുഹൃത്തിനെ കാണാൻ എന്നു പറഞ്ഞ് ഓട്ടം വിളിക്കുകയായിരുന്നു. പിന്നീട് ചെറായി ഭാഗത്ത് നിന്നും അഗിനെയും സംഘത്തിലുണ്ടായിരുന്ന ഡാനിയൽ ജോസഫിനെയും കയറ്റി തുടർന്ന് ചാത്തങ്ങാട് ബീച്ച് ഭാഗത്തെത്തി ആക്രമിക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ മുനമ്പം ഡി.വൈ.എസ്.പി എൻ.എസ് സലീഷ്, ഞാറയ്‌ക്കൽ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്. ഐമാരായ കുഞ്ഞുമോൻ തോമസ്, ബിജു, എ.എസ്.ഐ സി.എ ഷാഹിർ, എസ്.സി.പി.ഒ മാരായ റെജി തങ്കപ്പൻ, എ.യു ഉമേഷ്, സി. പി.ഒ മാരായ വി.എസ് സ്വരാഭ്, ശരത് ബാബു, കെ.ജി പ്രീജൻ കെ.ജി എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: