ന്യൂദൽഹി: ആഗോള നന്മയ്‌ക്കായി യുഎസുമായുള്ള സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനുമായിട്ടുള്ള കൂടിക്കാഴ്ചയ്‌ക്ക്ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി.
നേരത്തെ ഇന്ത്യയുടെ അജിത് ഡോവലും, സള്ളിവനും ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജീസ് (ഐസിഇടി) എന്ന അഭിലാഷമായ ഇന്ത്യ-യുഎസ് ഇനിഷ്യേറ്റീവ് നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിപുലമായ ചർച്ചകൾ നടത്തി.
“യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് @JakeSullivan46-നെ കണ്ടു. ആഗോള നന്മയ്‌ക്കായി ഇന്ത്യ-യുഎസ് സമഗ്ര ആഗോള സ്ട്രാറ്റജിക് പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്, ”- മോദി എക്‌സിൽ പറഞ്ഞു.
ഡോവൽ-സള്ളിവൻ ചർച്ചയിൽ നിർണായക സാങ്കേതികവിദ്യകൾ, പ്രതിരോധം, അർദ്ധചാലകങ്ങൾ, നൂതന ടെലികമ്മ്യൂണിക്കേഷൻസ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്വാണ്ടം, ബയോടെക്നോളജി, ക്ലീൻ എനർജി എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി സുപ്രധാന സംരംഭങ്ങൾ ഇരുപക്ഷവും ഉറപ്പിച്ചു.
മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വന്നതിന് ശേഷം ഒരു മുതിർന്ന ബൈഡൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥന്റെ ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയിൽ ജൂൺ 17 മുതൽ 18 വരെ സള്ളിവൻ ദൽഹി സന്ദർശിക്കുന്നുണ്ട്.
മുതിർന്ന യുഎസ് ഗവൺമെൻ്റ് ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും അടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘമാണ് അദ്ദേഹത്തെ അനുഗമിക്കുന്നത്. ഇറ്റലിയിലെ അപുലിയ മേഖലയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും ഹ്രസ്വ സംഭാഷണം നടത്തിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ് സള്ളിവന്റെ ഇന്ത്യാ സന്ദർശനം.
ബൈഡൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: