തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ വച്ച് അപസ്മാര രോഗിയെ സാര്‍ജന്റുമാര്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസ് നടപടികള്‍ വൈകുന്നു. കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ട് പോലും യാതൊരുവിധ അന്വേഷണം ഉണ്ടായിട്ടില്ലായെന്ന് മര്‍ദനമേറ്റ പേരൂര്‍ക്കട മണ്ണാമൂല സ്വദേശി ശ്രീകുമാര്‍ പറഞ്ഞു.
കഴിഞ്ഞ 8 നാണ് മെഡിക്കല്‍ കോളജ് പോലീസില്‍ ശ്രീകുമാര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് 11ന് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്കി. കഴക്കൂട്ടം എസി ഓഫീസില്‍ നിന്നും വിളിക്കുമെന്നും അപ്പോള്‍ അവിടെ ചെല്ലണമെന്ന നിര്‍ദേശമാണ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് പറഞ്ഞതായി പറയുന്നത്. എന്നാല്‍ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്കിയപ്പോള് സംഭവത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ വ്യക്തിയെ കുറിച്ച് അറിയണമെന്നതായിരുന്നു പോലീസിനുണ്ടായിരുന്നത്. പരാതി കൊടുത്ത് മൂന്ന് ദിവസം കഴിഞ്ഞും ഇതേ ആവശ്യം ഉന്നയിച്ച് മെഡിക്കല്‍ കോളജ് പോലീസ് വിളിച്ചിരുന്നതായും ശ്രീകുമാര്‍ പറഞ്ഞു.
സംഭവത്തില്‍ ശ്രീകുമാറിനെ മര്‍ദിക്കുന്ന സാര്‍ജന്റുമാരും ട്രാഫിക് വാര്‍ഡനും പുറത്തായ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കാതെ വീഡിയോദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയെ അറിയാനാണ് പോലീസ് ശ്രമിച്ചത്. മാത്രവുമല്ല എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരന് നോക്കിനില്‍ക്കെയാണ് രോഗിയെ മര്‍ദിച്ചത്. സംഭവത്തില്‍ ശരിയായ അന്വേഷണമുണ്ടായാല്‍ പോലീസുകാരനേയും ബാധിക്കുമെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ പരാതി വഴിതിരിയാനാണ് സാധ്യത.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സാര്‍ജന്റ് സുരേഷ് ഗോവിന്ദ് ശ്രീകുമാറിനെതിരെ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ആശുപത്രി നടപടികളില്‍ സസ്പെന്‍ഷനിലായ ജുറൈജിനൊപ്പം സുരേഷ് ഗോവിന്ദും മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ 10നാണ് ഇയാള്‍ പരാതി നല്‍കിയത്.
ആശുപത്രിക്കുള്ളില്‍ ശ്രീകുമാര്‍ ബഹളം ഉണ്ടാക്കിയെന്നും സാര്‍ജന്റുമാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് പുറമെ തലയെടുക്കുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. മേയ് 16നാണ് ശ്രീകുമാറിന് മര്‍ദനമേല്‍ക്കുന്നത്. സുരേഷ് ഗോവിന്ദിന്റെ പരാതി അനുസരിച്ച് കുറ്റക്കാരനാണെങ്കില്‍ സംഭവദിവസം തന്നെ ശ്രീകുമാറിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അത് ചെയ്യാതെ മര്‍ദിക്കുകയാണുണ്ടായത്. മാത്രവുമല്ല മര്‍ദനത്തിന്റെ വീഡിയോ പ്രചരണത്തില്‍ സംഭവം വിവാദമായതോടെയാണ് സുരേഷ് ഗോവിന്ദിന്റെ പരാതിയെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പോലീസ് ഇയാളുടെ പരാതിയില്‍ ഹെല്‍ത്ത് ആക്ട് പ്രകാരം ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: