കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന സംബന്ധിച്ച തര്‍ക്കം രൂക്ഷമാകുന്നു. ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കികൊണ്ടുള്ള സര്‍ക്കുലര്‍ ഇന്നലെ പള്ളികളില്‍ വായിക്കണമെന്ന നിര്‍ദേശം മിക്കയിടത്തും നടപ്പായില്ല. രൂപതയിലെ വിവിധ പള്ളികളില്‍ ഏകീകൃത കുര്‍ബാന സംബന്ധിച്ച സിനഡ് സര്‍ക്കുലര്‍ കത്തിച്ചും ചവറ്റുകുട്ടയിലെറിഞ്ഞും ഒരുവിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചു. കഴിഞ്ഞയാഴ്ചയാണ് കുര്‍ബാന വിഷയത്തില്‍ സിറോ മലബാര്‍ സഭ അന്ത്യശാസനം നല്‍കിയത്.
എറണാകുളം സെന്റ്മേരീസ് ബസലിക്കയില്‍ ഒരു വിഭാഗം വിശ്വാസികള്‍ സിനഡ് സര്‍ക്കുലര്‍ കത്തിച്ചും എളംകുളം ലിറ്റില്‍ഫഌവര്‍ പള്ളിയുടെ മുന്നില്‍ സര്‍ക്കുലര്‍ ചവറ്റുകൊട്ടയിലിട്ടും പ്രതിഷേധിച്ചു. ഇടപ്പള്ളി പള്ളിയില്‍ ഒരുവിഭാഗം വിശ്വാസികള്‍ സിനഡ് സര്‍ക്കുലര്‍ വായിച്ചപ്പോള്‍ മറുവിഭാഗം സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ചു.
സെന്റ് തോമസ് ദിനമായ ജൂലൈ മൂന്ന് മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയില്‍ നിന്ന് പുറത്ത് പോയതായി കണക്കാക്കുമെന്നാണ് സിറോ മലബാര്‍ സഭ നേരത്തേ അന്ത്യശാസനം നല്‍കിയത്. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കാണ് സഭ ഒരുങ്ങുന്നതെന്ന് വ്യക്തമാക്കി കൊണ്ടാണ് കഴിഞ്ഞ ദിവസം സിനഡ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.
2021 നവംബര്‍ 28 മുതല്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന സിനഡിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ സഭയില്‍ മുഴുവനായും ഏകീകൃത കുര്‍ബാന നടപ്പിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഏകീകൃത കുര്‍ബാന രീതി നടപ്പിലാക്കുന്നതില്‍നിന്ന് ഒരു വിഭാഗം വൈദികരും വിശ്വാസികളും എതിര്‍ക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് വിവിധ ചര്‍ച്ചകളടക്കം നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലടക്കമുള്ളവര്‍ ചേര്‍ന്ന് വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയത്. മാര്‍പ്പാപ്പയുടെ ഓഫീസില്‍നിന്നുള്ള അന്തിമ നിര്‍ദേശപ്രകാരമാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
ജൂലൈ മൂന്ന് മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്നാണ് പുതിയ സര്‍ക്കുലറില്‍ നിര്‍ദേശം വന്നിരിക്കുന്നത്. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയില്‍ നിന്ന് പുറത്ത് പോയതായി കണക്കാക്കും.
കൂടാതെ ഈ വൈദികരെ മറ്റ് കാര്‍മികപരമായ എല്ലാ കൂദാശകള്‍ നടത്തുന്നതില്‍ നിന്ന് പൂര്‍ണമായും വിലക്കുമെന്നും ഇത്തരം വിലക്കേര്‍പ്പടുത്തുന്ന വൈദികര്‍ അര്‍പ്പിക്കുന്ന കര്‍മങ്ങളില്‍ നിന്ന് വിശ്വാസികള്‍ വിട്ട് നില്‍ക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. വിലക്കേര്‍പ്പടുത്തുന്ന വൈദികര്‍ കാര്‍മികരായി നടത്തുന്ന വിവാഹങ്ങള്‍ക്ക് സഭയുടെ അംഗീകാരം ഉണ്ടാകില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂരും സംയുക്തമായാണ് സര്‍ക്കുലര്‍ പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: