തൃശൂര്‍: ‘എല്ലാം സംഭവിക്കുന്നത് ദൈവത്തിന്റെ നിശ്ചയം പോലെ’യാണെന്ന് സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ചുള്ള പരോക്ഷ സൂചനയുമായി ഫാ. ഡേവിസ് പുലിക്കോട്ടില്‍. തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയിലെ വികാരിയായ ഫാ. ഡേവിസ് പുലിക്കോട്ടില്‍ ശനിയാഴ്ച പള്ളി സന്ദര്‍ശിക്കാനെത്തിയ സുരേഷ് ഗോപിയെ സ്വാഗതം ചെയ്തശേഷം നടത്തിയ ലഘുപ്രസംഗത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ക്രിസ്ത്യന്‍ വോട്ടുകള്‍ കിട്ടാതെ തൃശൂര്‍ നഗരത്തില്‍ മുന്നിട്ട് നില്ക്കാന് കഴിയില്ലെന്നത് അവിതര്‍ക്കിതമായ കാര്യമാണ്. സുരേഷ് ഗോപി തൃശൂര്‍ നഗരത്തിലെ വോട്ടിന്റെ കാര്യത്തിലും എല്‍ഡിഎഫിന്റെ സുനില്‍ കുമാറിനേക്കാളും യുഡിഎഫിന്റെ കെ. മുരളീധരനേക്കാളും മുന്നിലായിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ ലൂര്‍ദ്ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം നല്‍കിയതിന് വളഞ്ഞിട്ടാക്രമിച്ച സിപിഎമ്മിനും കോണ്‍ഗ്രസിനും സുരേഷ് ഗോപി . ലൂര്‍ദ്ദ് മാതാവിന് സ്വര്‍ണ്ണത്താല്‍ തീര്‍ത്ത ജപമാല നല്കി മധുരപ്രതികാരം ചെയ്യാനാണ് ലൂര്‍ദ്ദ് പള്ളിയില്‍ എത്തിയത്. സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടത്തില്‍ ചെമ്പിന്റെ അളവെത്രെ എന്ന് ചോദിച്ചും മാതാവിന്റെ ശിരസ്സിലെ കിരീടം തട്ടിത്താഴെയിട്ട് മാതാവ് തന്നെ സുരേഷ് ഗോപിയെ തിരസ്കരിച്ചുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്രചരണം നടത്തിയിരുന്നു.കോണ്‍ഗ്രസ് നേതാവായ അനില്‍ അക്കരയായിരുന്നു ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഈ വിവാദം കുത്തിപ്പൊക്കിയത്. സുരേഷ് ഗോപിയ്ക്കെതിരെ അത് വിലപ്പോയില്ലെന്നതിന്റെ തെളിവാണ് 74,686 വോട്ടുകളുടെ ഭൂരിപക്ഷം.
കത്തീഡ്രല്‍ വീണ്ടും സന്ദര്‍ശിച്ചതിന് സുരേഷ് ഗോപിയെ ഫാ. ഡേവിസ് പുലിക്കോട്ടില്‍ അഭിനന്ദിക്കുകയും ചെയ്തു. സുരേഷ് ഗോപി തൃശൂരില്‍ നിന്നും ജയിച്ചാല്‍ 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മാതാവിന് നല്‍കുമെന്ന് ഭാര്യ രാധിക വഴിപാട് നേര്‍ന്നിരുന്നു. ആ വഴിപാട് നല്‍കാനാണ് സുരേഷ് ഗോപി ലൂര്‍ദ്ദ് പള്ളിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: