ബെംഗളൂരു : ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി അഞ്ചുവർഷംമുമ്പ് അടച്ചിട്ട എം.ജി. റോഡിനും കബൺ റോഡിനും ഇടയിലുള്ള കാമരാജ് റോഡിന്റെ ഒരുവശം ഗതാഗതത്തിനായി തുറന്നത് യാത്രക്കാർക്ക് ആശ്വാസമായി.
എം.ജി. റോഡ് ഭൂഗർഭ മെട്രോ സ്റ്റേഷന്റെ നിർമാണപ്രവർത്തനങ്ങൾക്കായി 2019 ജൂണിലാണ് കാമരാജ് റോഡിന്റെ കുറച്ചുഭാഗം അടച്ചിട്ടത്.
വെള്ളിയാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു റോഡിന്റെ ഒരുവശത്ത് ഗതാഗതം അനുവദിച്ചത്. എം.ജി. റോഡിൽ മേയോ ഹാൾ ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങൾക്ക് കാവേരി ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് ജങ്‌ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് കെ.ആർ. റോഡ്, കബൺ റോഡ് ജങ്‌ഷൻ ഭാഗത്തേക്ക് പോകാം.
ഇവിടെനിന്ന് ഇടത്തേക്ക് ബി.ആർ.വി. ജങ്ഷനിലേക്കും നേരേ കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്കും വലത്തേക്ക് മണിപ്പാൽ സെന്റർ ഭാഗത്തേക്കും പോകാനാകും. എം.ജി. റോഡിൽ അനിൽ കുംബ്ലെ സർക്കിളിൽനിന്നുവരുന്ന വാഹനങ്ങൾക്കും കാവേരി ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കെ.ആർ. റോഡ്, കബൺ റോഡ് ഭാഗത്തേക്ക് പോകാം.
കഴിഞ്ഞ അഞ്ചുവർഷമായി ഈ റോഡ് അടച്ചിട്ടിരുന്നതിനാൽ വിവേക്‌നഗർ, ഓസ്റ്റിൻ ടൗൺ എന്നിവിടങ്ങളിൽനിന്ന് ശിവാജിനഗറിലേക്ക് പോകുന്ന ബെംഗളൂരു: ബെംഗളൂരു: ബസുകൾക്ക് അനിൽ കുംബ്ലെ സർക്കിൾ വഴിയോ വെബ്‌സ് ഗാരേജ് വഴിയോ ചുറ്റിപ്പോകണമായിരുന്നു. അതിനാൽ എം.ജി. റോഡിൽ ഗതാഗതക്കുരുക്ക് പതിവായിരുന്നു.
നമ്മ മെട്രോ പിങ്ക്‌ലൈനിന്റെ ഭാഗമായ നാഗവാര-കലേന അഗ്രഹാരപാതയുടെ ഭാഗമായുള്ള ഭൂഗർഭ മെട്രോ സ്റ്റേഷനാണ് ഇവിടെവരുന്നത്. പർപ്പിൾ ലൈനിന്റെ ഇന്റർചേഞ്ച് സ്റ്റേഷനായിട്ടാകും ഈ സ്റ്റേഷൻ പ്രവർത്തിക്കുക.
സ്റ്റേഷന് നാല് പ്രവേശന കവാടങ്ങളുണ്ടാകും. കാവേരി ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് ജങ്ഷൻ, ആർ.എസ്.ഐ. എൻട്രൻസ്, പരേഡ് ഗ്രൗണ്ട്, കാമരാജ് റോഡ്-കബൺ റോഡ് ജങ്‌ഷൻ എന്നിവിടങ്ങളിലാകും പ്രവേശനകവാടങ്ങൾ. അടുത്തവർഷം പകുതിയോടെയേ പിങ്ക് ലൈൻ പൂർത്തിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: