ദുബായ് : ഗൾഫ് രാജ്യങ്ങളിൽ ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലാണ് ഇന്ന് ആഘോഷം. കേരളത്തിൽ നാളെയാണ് ബലിപെരുന്നാൾ.
ത്യാഗത്തോടൊപ്പം മാനവികതയുടെയും സന്ദേശംനൽകുന്ന ബലിപെരുന്നാളിൽ യുഎഇയിലെ മസ്‌ജിദുകളിലും ഈദ്ഗാഹുകളിലും പെരുന്നാൾ പ്രാർഥനകൾ നടന്നു. യുഎഇ പ്രസിഡൻറ് ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അടക്കമുള്ള ഭരണാധികാരികൾ വിശ്വാസികൾക്ക് ആശംസകൾ നേർന്നു.
https://x.com/DXBMediaOffice/status/1802067521727803630
മതപ്രഭാഷണങ്ങൾക്കായി കേരളത്തിൽനിന്നടക്കം മതപണ്ഡിതന്മാർ വിവിധ ഗൾഫ് രാജ്യങ്ങളിൽ എത്തിയിട്ടുണ്ട്. മലയാളികൾക്കായി യു.എ.ഇ.യിൽ പ്രത്യേക ഈദ്ഗാഹുകൾ ഒരുക്കിയിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, ഉറുദു, ഇംഗ്ളീഷ് ഭാഷകളിലും പെരുന്നാൾ ഖുതുബ ഉണ്ടായിരുന്നു. ദുബായിലും ഷാർജയിലുമായി മലയാളത്തിലുള്ള മൂന്ന് ഈദ് ഗാഹുകളാണ് ഒരുക്കിയിരുന്നത്.
ദുബായ് മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ ഇന്ത്യൻ ഇസ്ലാഹി സെൻ്ററും അൽമനാർ ഇസ്ലാമിക് സെൻററുമാണ് ദുബായിലെ ഈദ് ഗാഹുകൾ ഒരുക്കുന്നത്. അൽഖൂസ് അൽമനാർ ഇസ്ലാമിക് സെൻ്ററിൽ മൗലവി മൻസൂർ മദീനിയും ഖിസൈസ് ടാർഗെറ്റ് ഫുട്‌ബോൾ ഗ്രൗണ്ടിൽ മൗലവി ഹുസൈൻ കക്കാടും ഈദ് ഗാഹിന് നേതൃത്വം നൽകും.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അടുത്തുള്ള ഫുട്ബോൾ ഗ്രൗണ്ടിലെ മലയാളം ഈദ് ഗാഹിന് ഹുസൈൻ സലഫിയാണ് നേതൃത്വം നൽകുക. പതിനായിരകണക്കിന് വിശ്വാസികളാണ് പ്രാർഥനകളിൽ പങ്കാളികളായത്. യുഎഇയിൽ അബുദാബി എമിറേറ്റിൽ പുലർച്ചെ 5.50 ആയിരുന്നു പെരുന്നാൾ നമസ്കാരം. ദുബായിൽ- 5.45 നും, ഷാർജ- അജ്മാൻ എമിറേറ്റുകളിൽ- 5.44 നും, ഉമ്മുൽഖുവെയ്നിൽ- 5.43 നും, റാസൽഖൈമയിൽ 5.41 നും, ഫുജൈറയിള- 5.42 നും പെരുന്നാൾ നമസ്കാരങ്ങൾ നടന്നു.
സൗദി , ബഹ്റൈൻ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും വിപുലമായ ആഘോഷങ്ങൾ തന്നെയാണ് നടക്കുന്നത്. അതേ സമയം ബുധനാഴ്ച മാൻഗഫിലുണ്ടായ തീപിടിത്ത ദുരന്തത്തിന്റെ വേദനയിലാണ് കുവൈത്തിലെ മലയാളികൾ പെരുന്നാളിനെ വരവേൽക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: