ന്യൂദല്‍ഹി: വിഘടനവാദികള്‍ക്ക് പിന്തുണ നല്കുന്ന കോണ്‍ഗ്രസ് നിലപാടിനെ ബിജെപി അപലപിച്ചു. വിഘടനവാദ പരാമര്‍ശത്തില്‍ അരുന്ധതി റോയിയെ വിചാരണ ചെയ്യാന്‍ കഴിഞ്ഞ ദിവസം ദല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗസ് രംഗത്ത് വന്നത്.
2010 ഒക്ടോ. 21ന് കോപ്പര്‍നിക്കസ് മാര്‍ഗില്‍ ആസാദി ബാനറില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സിലാണ് പ്രകോപനപരമായ പ്രസംഗം നടത്തിയത്. കശ്മീരിനെ ഭാരതത്തില്‍ നിന്ന് വേര്‍പെടുത്താനുള്ള ചര്‍ച്ചകളും പ്രസംഗങ്ങളുമാണ് കോണ്‍ഫറന്‍സില്‍ നടന്നത്.
സയ്യിദ് അലി ഷാ ഗീലാനി, പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി എസ്എആര്‍ ഗീലാനി, അരുന്ധതി റോയ്, ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന്, വരവര റാവു എന്നിവരടക്കമുള്ളവരാണ് ഇവിടെ പ്രസംഗിച്ചത്. ഇതിനെതിരെ സുശീല്‍ പണ്ഡിറ്റ് എന്നയാള്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
വിഘടനവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഒപ്പം നിന്ന ചരിത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളതെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. ഇവര്‍ ആദ്യം എസ്ഡിപിഐക്ക് പിന്തുണ പ്രഖ്യാപിച്ചു. സുപ്രീംകോടതി ഭീകരരായി പ്രഖ്യാപിച്ച യാക്കൂബ് മേമനും അഫ്സല് ഗുരുവിനും കോണ്‍ഗ്രസ് നല്കിയ പിന്തുണ എല്ലാവരും കണ്ടതാണ്. രാമേശ്വരം കഫേ സ്ഫോടനത്തിലെ ഭീകരരെ രക്ഷിക്കാനും കോണ്‍ഗ്രസ് ശ്രമം നടത്തി. എന്തുകൊണ്ടാണ് വിഘടനവാദികളോടും ഭീകരസംഘടനകളോടും പാര്‍ട്ടിക്ക് ഇത്രയധികം അനുഭാവം.
കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമല്ലെന്ന് പറയുന്ന തുക്ഡെ ഗ്യാങ്ങിനോട് എന്താണ് ഇത്രയും സ്നേഹം. 2010 ല്‍ കോണ്‍ഗ്രസിന്റെ ഭരണത്തിലും സംരക്ഷണത്തിലും അരുന്ധതി റോയിക്ക് ഇത് പറയാന്‍ കഴിയും. എന്നാല്‍ എത്ര കാലം വിഘടനവാദികളെയും ഭീകരവാദികളെയും കോണ്‍ഗ്രസിന് സംരക്ഷിക്കാന്‍ സാധിക്കുമെന്നും പുനാവാല ചോദിച്ചു.
അരുന്ധതി റോയിക്ക് പുറമേ കശ്മീര്‍ കേന്ദ്ര സര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെതിരെയും യുഎപിഎ പ്രകാരം കേസെടുക്കാന്‍ സക്സേന അനുമതി നല്‍കിയിട്ടുണ്ട്. ജമ്മുകശ്മീര്‍ ഭാരതത്തിന്റെ ഭാഗമല്ലെന്നും ഭാരതത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കണമെന്നുമാണ് ഇവര്‍ പ്രസംഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: