കോട്ടയം: രാഷ്‌ട്രീയ മാറ്റത്തിനായി കേരളത്തിന്റെ മണ്ണ് പാകപ്പെട്ടിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായി കോട്ടയത്തെത്തിയ അഡ്വ. ജോര്‍ജ് കുര്യന് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളം കണ്ടത് വലിയ മാറ്റത്തിന്റെ സൂചനയാണ്. രണ്ടു പ്രബല മുന്നണികളും, ഭൂരിപക്ഷം മാധ്യമങ്ങളും ബിജെപിക്കെതിരെ നിരന്തരം അപവാദ പ്രചരണം നടത്തിയിട്ടും കേരളത്തില്‍ താമര വിരിയിക്കാനായത് അതിന്റെ ലക്ഷണമാണ്. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കളുടെയെല്ലാം ബൂത്തുകളില്‍ ബിജെപി ഒന്നാം സ്ഥാനത്താണ്. 11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്താണ്.
വികസനത്തിലധിഷ്ഠിതമായ കേരളത്തിനായി ജനങ്ങള്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി വികസനം കേരളത്തിനാവശ്യമില്ല എന്ന സിദ്ധാന്തവുമായിട്ടാണ് ഭരണ-പ്രതിപക്ഷങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. കേരളത്തിന്റെ വികസനത്തെ ഇത് ബാധിക്കുകയും ചെയ്തു. രണ്ടു മന്ത്രിമാരെ കേരളത്തിനു നല്കിയ പ്രധാനമന്ത്രി കേരളത്തിന്റെ വികസനമാണ് ആഗ്രഹിക്കുന്നത്. ജോര്‍ജ് കുര്യനും സുരേഷ് ഗോപിക്കും അതിനു കഴിയുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അധ്യക്ഷത വഹിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ഗരുഢധ്വജാനന്ദ തീര്‍ത്ഥപാദര്‍, വിശ്വേശരാനന്ദ സ്വാമി, ദര്‍ശന ഡയറക്ടര്‍ ഫാ. എമില്‍ പുലിക്കാട്ട്, പത്മശ്രീ ഡോ. സി.ഐ. ഐസക്ക്, ഡോ. ജെ. പ്രമീളാദേവി, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി, അഡ്വ. രാമന്‍ നായര്‍, അഡ്വ. നോബിള്‍ മാത്യു, അഡ്വ. ജയസൂര്യന്‍, അഡ്വ. പി.ജെ. തോമസ്, അഡ്വ. ഷോണ്‍ ജോര്‍ജ്, ബി. രാധാകൃഷ്ണ മേനോന്‍, എന്‍. ഹരി, ശിവരാമന്‍ നായര്‍, പത്മകുമാര്‍, നവജീവന്‍ തോമസ്, മിനര്‍വ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആദ്യകാല പ്രവര്‍ത്തകരെയും അവരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനവുമാണ് തന്നെ ഈ നിലയില്‍ എത്തിച്ചതെന്ന് സ്വീകരണത്തിനു നല്കിയ മറുപടി പ്രസംഗത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. എല്ലാവരുടെയും മന്ത്രിയായി ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുവാന്‍ എല്ലാവരുടെയും അനുഗ്രഹവും സ്‌നേഹവും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: