കോട്ടയം: മറ്റുള്ളവരുടെ പണയ വസ്തുക്കള്‍ ഇടുവച്ച് കോടികള്‍ വായ്പയെടുത്ത് ബാങ്കിനെ വഞ്ചിച്ച കേസില്‍ ഗുണ്ടാ നേതാവ് മാലം സുരേഷ് , ബോബി ജേക്കബ്, ടിനു ബോബി,തട്ടിപ്പിനു കൂട്ടുനിന്ന കാനറ ബാങ്ക് കോട്ടയം മുന്‍ ചീഫ് ബ്രാഞ്ച് മാനേജര്‍ ഇ.ജി. എന്‍ റാവു എന്നിവര്‍ക്ക് 5.87 കോടി രൂപ പിഴയും മൂന്ന് വര്‍ഷം തടവും ശിക്ഷ വിധിച്ച് സിബിഐ കോടതി. 2006 2007 കാലത്താണ് മലഞ്ചരക്ക് വ്യാപാരം തുടങ്ങാനെന്ന പേരില്‍ ബോബി ജേക്കബ്, ടിനു ബോബി എന്നിവര്‍ കാനറാ ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്നത്. മാലം സുരേഷ് മറ്റുള്ളവരില്‍ നിന്ന് പണയമായി കൈക്കലാക്കിയ വസ്തു പണയപ്പെടുത്തിയാണ് ഇവര്‍ വായ്പയെടുത്തത്. തട്ടിപ്പിന് കോട്ടയം മുന്‍ ചീഫ് മാനേജരായിരുന്ന റാവു കൂട്ടുനിന്നു. മാലം സുരേഷ് പണത്തിനായി തന്നെ സമീപിക്കുന്നവരുടെ വസ്തു പണയമെന്ന പേരില്‍ സ്വന്തം പേരിലാക്കുകയും അത് മറ്റുള്ളവര്‍ക്ക് ബാങ്കില്‍ ഈടുവയ്ക്കാന്‍ നല്‍കുകയുമായിരുന്നു. പണം തിരിച്ചു തരുമ്പോള്‍ തിരിച്ച് എഴുതി നല്‍കാമെന്ന ഉറപ്പിലാണ് വസ്തു വാങ്ങുന്നത് . പലരുടെയും ലക്ഷങ്ങള്‍ വില വരുന്ന ഭൂമി ഇത്തരത്തില്‍ ഈടു വച്ചിട്ടുണ്ട് . കാലങ്ങളായിട്ടും പണയവസ്തു തിരിച്ചു കിട്ടാതെ വന്നതോടെ നല്കിയ പരാതിയിലാണ് ഈ വന്‍ തിരിമറി പുറത്തു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: