പെരുമ്പാവൂർ : അറക്കപ്പടി വില്ലേജ് ഓഫീസിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയ് (40)യെ ആണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ആറാം തീയതി പുലർച്ചെ അറക്കപ്പടി വില്ലേജ് ഓഫീസിന്റെ വാതിൽ കുത്തിത്തുറന്ന് നാല് ലാപ്ടോപ്പും ഒരു ബാറ്ററിയും മോഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ22 ന് ആണ് മോഷണക്കേസിൽ മൂവാറ്റുപുഴ ജയിൽ ശിക്ഷ കഴിഞ്ഞ് പ്രതി പുറത്തിറങ്ങിയത്.
ഇയാളെ ചോദ്യം ചെയ്തതിൽ കഴിഞ്ഞ 23ന് പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തുനിന്ന് ഒരു സ്കൂട്ടർ മോഷണം ചെയ്തതായും, ഈ മാസം 5 ന് ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് ഒരു സ്കൂട്ടർ മോഷണം നടത്തിയതായും തെളിഞ്ഞു.
അറക്കപ്പടിയിൽ നിന്നും മോഷ്ടിച്ച ബാറ്ററി ആലുവ മാർക്കറ്റിലെ ആക്രിക്കടയിൽ നിന്നും, ലാപ്ടോപ്പുകൾ ആലുവ തുരുത്ത് ഭാഗത്തുനിന്നും പോലീസ് കണ്ടെടുത്തു. പെരുമ്പാവൂർ കാലടി, കുന്നത്തുനാട്, പുത്തൻകുരിശ്, തൃപ്പൂണിത്തുറ, അങ്കമാലി, കൊരട്ടി, ചാലക്കുടി, അയ്യമ്പുഴ തുടങ്ങിയ സ്റ്റേഷനുകളിലായി മുപ്പതോളം മോഷണക്കേസുകളിലെ പ്രതിയാണ്.
എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്പെക്ടർ ദിനേശ് കുമാർ എഎസ്ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ പി.എസ്സലിം ,ടി.എൻ മനോജ് കുമാർ, ടി.എ അഫ്സൽ ,സി പി ഒ മാരായ ബെന്നി ഐസക്, കെ.എ അഭിലാഷ്, സിബിൻ സണ്ണി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: