തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിൽ ആത്മഹത്യകൾ തുടർക്കഥകളാകുകയാണ്. ആറു ദിവസത്തിനിടെ കേരള പൊലീസിലെ അഞ്ച് ഉദ്യോഗസ്ഥരാണ് ആത്മഹത്യയിൽ അഭയം തേടിയത്. തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ് ഐ മുട്ടമ്പലം കാച്ചുവേലിക്കുന്ന് പീടിയേക്കൽ കുരുവിള ജോർജ് (45) ആണ് ഏറ്റവുമൊടുവിൽ ആത്മഹത്യ ചെയ്ത പൊലീസുകാരൻ.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. പൊലീസുകാരുടെ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് അധികൃതർ നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. അമിതമായ ജോലി ഭാരവും മേലുദ്യോഗസ്ഥരിൽനിന്നുള്ള സമ്മർദവും കുടുംബ പ്രശ്നവും എല്ലാം പൊലീസുകാരെ ആത്മഹത്യയിൽ അഭയം തേടാൻ പ്രേരിപ്പിക്കുകയാണ്.
നാല് വർഷത്തിനിടെ ഉണ്ടായത് 75ഓളം ആത്മഹത്യകളാണ് കേരള പൊലീസിൽ മാത്രം നടന്നത്. സമ്മർദങ്ങൾക്കൊടുവിൽ ആത്മഹത്യയിൽ അഭയം തേടുന്നവരുടെ എണ്ണം കൂടുകയാണ്. ഡിവൈഎസ്.പിയും സി.ഐയും എസ്.ഐയും തുടങ്ങി വനിത ഉദ്യോഗസ്ഥർ വരെ ജീവനൊടുക്കിയിട്ടുണ്ട്. ജോലിഭാരം, വിശ്രമത്തിന്റെ കുറവ്, ജോലിയിലെ സങ്കീർണത തുടങ്ങിയവയാണ് കാരണമായി പോലീസ് നേതൃത്വം കണ്ടെത്തിയത്.
ബോധവൽക്കരണവും യോഗവും കൗൺസിലിങും വിജയം കണ്ടിട്ടില്ല.വിഷാദരോഗത്താലാണ് കൂടുതൽ പേരും ആത്മഹത്യ ചെയ്തത്. കടുത്ത സമ്മർദ്ദം കാരണം സ്വയം വിരമിക്കലിന് പോലീസുകാർ കൂട്ടത്തോടെ അപേക്ഷ നൽകിയിരിക്കുകയാണ്. 200ലേറെ പോലീസുകാരാണ് കാക്കി അഴിക്കാൻ അനുമതി തേടിയത്.
ഇടുക്കി വണ്ടൻമേട് പൊലീസ് സ്റ്റേഷനിലെ സിപിഒ ആലപ്പുഴ കൈനകരി സ്വദേശി എ ജി രതീഷിനെ കുമളിയിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എറണാകുളം ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലെ സി പി ഒ മധു(48), പത്തനംതിട്ട ജില്ലയിലെ പെരുമ്പെട്ടി സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി.സി. അനീഷ്, തൃശൂർ പൊലീസ് അക്കാദമിയിൽ നിലയിൽ കണ്ടെത്തിയ പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്‌ഐ ജിമ്മി ജോർജ് (35) എന്നിവരാണ് ഏറ്റവുമൊടുവിൽ പൊലീസ് സേനയിൽ ജീവനൊടുക്കിയവർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: