തിരുവനന്തപുരം: നാലാം ലോകകേരള സഭ നിയമസഭാ മന്ദിരത്തിലെ ആര്. ശങ്കരനാരായണന് തമ്പി ഹാളില്‍ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയാണ് നാലാം ലോക കേരളസഭ ചേര്‍ന്നത്. രാവിലെ നടക്കേണ്ട ഉദ്ഘാടനം കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വൈകിട്ട് മൂന്നിനാണ് നടന്നത്. മൂന്ന് രാജ്യങ്ങളും, 25 ഭാരത സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രവാസി കേരളീയ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
അതേസമയം മലയാളി പ്രവാസി വ്യസായികളായ ലുലുഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി, ആര്‍പി ഗ്രൂപ്പ് ചെയര്മാന് രവി പിള്ള, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് ചെയര്മാന് ആസാദ് മൂപ്പന് എന്നിവര്‍ പങ്കെടുത്തിട്ടില്ല. ആരോഗ്യ കാരണങ്ങളാലാണ് മൂവരും പങ്കെടുക്കാത്തതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കുവൈറ്റിലെ തീപ്പിടിത്തം പോലുള്ള ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനും വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടാതിരിക്കാനും ആവശ്യമായ എല്ലാ കരുതലും എടുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മംഗഫിലെ ഫഌറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ പൊലിഞ്ഞ ജീവനുകളുടെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്.
തീപിടുത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്കാന് നിശ്ചയിച്ചിട്ടുണ്ട്. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി ഡോ. വി.വേണു നാലാം ലോകകേരള സഭ സംബന്ധിച്ച് ഔദേ്യാഗിക പ്രഖ്യാപനം നടത്തി. തുടര്‍ന്ന് കുവൈറ്റ് അപകടത്തെ സംബന്ധിച്ച ലോക കേരള സഭയുടെ അനുശോചനം മുഖ്യമന്ത്രി അറിയിച്ചു. സഭാ നടപടികള്‍ നിയന്ത്രിക്കുന്നതിനുളള പ്രസീഡിയത്തെ തെരഞ്ഞെടുത്ത് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സംസാരിച്ചു. കേരള മൈഗ്രേഷന്‍ സര്‍വേ 2023 റിപ്പോര്‍ട്ടും പ്രകാശനം ചെയ്തു.
വിവിധ വിഷയങ്ങളിലെ ചര്‍ച്ചകള്‍ ഇന്നലെ നടന്നു. ചര്ച്ചകളില്മേലുളള റിപ്പോര്‍ട്ടിങ്ങും മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും മറുപടിയോടെ സമ്മേളനം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: