കോഴിക്കോട്: വേദപുഷ്പത്തിന് നൂറാകുന്നു. നൂറാംനാളിന്റെ ആഘോഷം ജൂണ്‍ 19ന് കോഴിക്കോട്ട് നടക്കും. വേദസൂക്തങ്ങള്‍ അതിസാധാരണക്കാരിലേക്ക് എത്തിക്കാനും ജീവിത വിജയത്തിന് ഉപയോഗ്യമാക്കാനും കാശ്യപ േവദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കുലപതി ആചാര്യശ്രീ എം.ആര്‍. രാജേഷ് യൂ ട്യൂബിലൂടെ നടത്തുന്ന ബോധന ക്ലാസാണ് വേദപുഷ്പം.
പ്രാചീന വേദസൂക്തങ്ങള്‍ വീട്ടിലിരുന്ന് പഠിക്കാന്‍ ഈ സംവിധാനം സഹായിക്കുന്നു. വേദസൂക്തങ്ങള്‍ യൂട്യൂബിലൂടെ അര്‍ഥസഹിതം പഠിപ്പിക്കുന്ന പദ്ധതി ഇത്തരത്തില്‍ മലയാളത്തില്‍ ആദ്യമാണ്. സര്‍വര്‍ക്കും, സൗജന്യമായി വേദങ്ങള്‍ പഠിക്കാന്‍ ഈ ബോധന ക്ലാസുകള്‍ സഹായകമാകുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ളവര്‍ ‘വേദപുഷ്പ’ത്തിന് ആശംസയറിയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ലളിതവും ആകര്‍ഷകവുമായ ഭാഷണം സാധാരണക്കാരെ വേദത്തോട് അടുപ്പിക്കുന്നുവെന്നാണ് വിലയിരുത്തുന്നത്.
മാര്‍ഗദര്‍ശകമണ്ഡലം സംസ്ഥാന അധ്യക്ഷനും കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി, മാര്‍ഗദര്‍ശകമണ്ഡലം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സത്സ്വരൂപാനന്ദ സരസ്വതി, തൃശ്ശൂര്‍ ശ്രീരാമകൃഷ്ണമഠം അധിപതി സ്വാമി സദ്ഭവാനന്ദ, സംബോധ് ഫൗണ്ടേഷന്‍ മുഖ്യാചാര്യന്‍ സ്വാമി അധ്യാത്മാനന്ദ, പ്രമുഖ ഭാഗവതാചാര്യനായ ഉദിത് ചൈതന്യ, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ തുടങ്ങി നിരവധി പേര്‍ ആശംസകളറിയിച്ചു. നൂറാം ദിവസം ജൂണ്‍ 19 വൈകിട്ട് 3.30ന് കോഴിക്കോട് മാവൂര്‍ റോഡിലെ കൈരളി-ശ്രീ തീയറ്റര്‍ കോംപ്ലക്സിലെ ‘വേദി’ ഓഡിറ്റോറിയത്തിലാണ് ആഘോഷം. അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജസ് വിഭാഗം ചെയര്‍പേഴ്‌സണും മലയാളം പ്രൊഫസറുമായ പ്രൊഫ. ടി.എന്‍. സതീശന്‍, കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷന്‍ മഠാധിപതി സ്വാമി നരസിംഹാനന്ദ തുടങ്ങി നിരവധി പ്രമുഖര്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കും.
ചതുര്‍വേദങ്ങളില്‍ നിന്നും സ്വീകരിച്ച ദുര്‍ഗാസൂക്തം, അഗ്‌നിസൂക്തം, ദേവീസൂക്തം, വിഷ്ണുസൂക്തം, സരസ്വതീസൂക്തം, ഗണപതിസൂക്തം, പുരുഷസൂക്തം, ഭാഗ്യസൂക്തം, വാണിജ്യസൂക്തം, വാസ്‌തോഷ്പതിസൂക്തം തുടങ്ങിയ നിരവധി സൂക്തങ്ങളുടെ പഠനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ആചാര്യ രാജേഷിന്റെ യൂട്യൂബ് ചാനലിലെ ‘വേദപുഷ്പം’ പ്ലേലിസ്റ്റില്‍ മുന്‍ എപ്പിസോഡുകള്‍ ലഭ്യമാകും.











