തിരുവനന്തപുരം: രാജ്യത്ത് വിലക്കയറ്റം ഇല്ലെങ്കിലും കേരളത്തിൽ അവശ്യസാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയർന്നതോടെ കുടുംബ ബഡ്ജറ്റ് താളം തെറ്റുന്നു. പച്ചക്കറിക്കും അരിക്കുമുണ്ടായ വില വർദ്ധനവിന് പിന്നാലെയാണ് പലചരക്ക് സാധനങ്ങളുടെ വിലയും കുത്തനെ കൂടുന്നത്. പെരുന്നാൾ വിപണിയിൽ ഒരാഴ്ചയായി പച്ചക്കറി, മത്സ്യം, മാംസം എന്നിവയ്‌ക്ക് എല്ലാം തൊട്ടാൽ പൊള്ളുന്ന വിലയാണ്. പച്ചക്കറി 20 രൂപ വരെ കൂടിയപ്പോൾ പച്ചമുളകിന് രണ്ടാഴ്ച കൊണ്ട് 60 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.
തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കർണാടകയിൽ നിന്നും എല്ലാം കേരളത്തിലേക്ക് എത്തിക്കുന്ന പച്ചക്കറികൾ മഴ മൂലം ഉൽപാദനം കുറഞ്ഞതോടെയാണ് മലയാളികൾക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്.കഴിഞ്ഞ ഒരാഴ്ചക്കിടെ പാളയം മാര്‍ക്കറ്റില്‍ തക്കാളിയ്‌ക്ക് 58 രൂപയും മുരിങ്ങയ്‌ക്ക് 70 രൂപയുമായി. ബീന്‍സിനും പാവക്കയ്‌ക്കും കിലോയ്‌ക്ക് 100 രൂപയാണ്. കിലോയ്‌ക്ക് 20 രൂപയുള്ള ചുരക്കയ്‌ക്ക് മാത്രമാണ് വില കൂടാതെ നില്‍ക്കുന്നത്.
പച്ചക്കറിക്കൊപ്പം മത്സ്യം, മാംസം എന്നിവയ്‌ക്കും വില കുതിക്കുകയാണ്. മിക്കയിനം മീനുകളുടെയും വില കിലോയ്‌ക്ക് 250 കടന്നു. കുറഞ്ഞ വിലയില്‍ ലഭിച്ചിരുന്ന മത്തി വില കിലോയ്‌ക്ക് 300 ആയി. ട്രോളിംഗ് നിരോധനവും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവും കുറഞ്ഞതാണ് മീന്‍ വില കുതിച്ചുയരാന്‍ കാരണമായത്. 380 മുതല്‍ 420 രൂപ വരെയാണ് പോത്തിറച്ചിയുടെ വില. എല്ലില്ലാത്തത് ലഭിക്കാന്‍ 420 രൂപ നല്‍കണം. മൂരിയിറച്ചിയ്‌ക്ക് 420 രൂപയാണ്. കിലോയ്‌ക്ക് 300 രൂപ ഉണ്ടായിരുന്ന ആട്ടിറച്ചിയ്‌ക്ക് 800 രൂപയായി.











