കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയെന്ന് കുവൈറ്റ് മാധ്യമങ്ങൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യൻ പൗരൻ കൂടി മരിച്ചുവെന്നാണ് കുവൈറ്റ് മാധ്യമങ്ങൾ പുറത്തു വിട്ടിരിക്കുന്ന റിപ്പോർട്ട്. എന്നാൽ മരിച്ചയാളുടെ പേര് വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ അധികൃതർ പുറത്ത് വിട്ടിട്ടില്ല. ഇയാൾക്ക് വേണ്ടിയുള്ള തിരിച്ചറിയൽ നടപടിക്രമങ്ങൾ പുരോഗമിച്ച് വരികയാണെന്നാണ് വിവരം.
അതേസമയം 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള പ്രത്യേക ഇന്ത്യൻ വ്യോമസേനാ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. വ്യാമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ നെടുമ്പാശ്ശേരിയിൽ എത്തിക്കുന്നത്. 6.45 ഓടുകൂടിയാണ് വ്യോമസേന വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഏകദേശം 10.30 ഓടുകൂടി വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുമെന്നാണ് വിവരം.
വിദേശകാര്യ സഹമന്ത്രി ഉൾപ്പെടെയുള്ളവർ വിമാനത്തിലുണ്ട്. തമിഴ്‌നാട് സർക്കാർ അയച്ച ആംബുലൻസുകൾ നെടുമ്പാശ്ശേരിയിൽ എത്തി. കൊച്ചിയിൽ 31 പേരുടെ മൃതദേഹങ്ങളാണ് ഇറക്കുന്നത്. ഇവരിൽ 23 മലയാളികളും ഏഴ് തമിഴ്‌നാട് സ്വദേശികളും ഒരു കർണാടക സ്വദേശിയും ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: