ന്യൂദല്‍ഹി: നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണത്തിന് ഒരു തെളിവുമില്ലെന്നും ചില പരീക്ഷാ കേന്ദ്രങ്ങളില്‍ എഴുതാന്‍ മതിയായ സമയം ലഭിക്കാതിരുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം 24 ലക്ഷം വിദ്യാര്‍ത്ഥികളാണ് നീറ്റ് എഴുതിയത്. 13 ലക്ഷം വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. 4,500 പരീക്ഷാ കേന്ദ്രങ്ങളാണ് നീറ്റ് നടത്തിപ്പിനുണ്ടായിരുന്നത്. 13 ഭാഷകളിലായി നടത്തിയ പരീക്ഷയ്ക്ക് രണ്ട് ചോദ്യപ്പേപ്പറുണ്ടായിരുന്നു. പരീക്ഷാ ദിനത്തില്‍ മാത്രമാണ് എ പേപ്പര്‍ ആണോ ബി പേപ്പര്‍ ആണോ ഉപയോഗിക്കേണ്ടതെന്ന് അതാതു കേന്ദ്രങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയത്. 4,500 കേന്ദ്രങ്ങളില്‍ ആറു കേന്ദ്രങ്ങളിലാണ് ചോദ്യപ്പേപ്പര്‍ മാറി നല്‍കിയത്. പരീക്ഷ ആരംഭിച്ച ശേഷമാണ് ചോദ്യപേപ്പര്‍ മാറിനല്‍കിയത് മനസിലായത്. തുടര്‍ന്ന് ശരിയായ ചോദ്യപ്പേപ്പര്‍ നല്‍കുകയും ചെയ്തു. കുട്ടികള്‍ക്ക് ഇതുമൂലം സമയം നഷ്ടമായി. മൂന്നു സംസ്ഥാനങ്ങളിലെ ആറു കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 1,563 വിദ്യാര്‍ത്ഥികളെയാണ് ചോദ്യപ്പേപ്പര്‍ മാറി നല്കിയ പ്രശ്നം ബാധിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങളില്‍ എന്താണ് സ്വീകരിക്കേണ്ട നടപടി എന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ ഉത്തരവ് നിലവിലുണ്ട്. പ്രവേശന പരീക്ഷകളില്‍ ഇത്തരത്തില്‍ നടന്നാല്‍ വീണ്ടും പരീക്ഷ നടത്തുന്നതിന് പകരം ഗ്രേസ് മാര്‍ക്ക് രീതി സ്വീകരിക്കാമെന്നാണ് നിര്‍ദേശം. അതാണ് ദേശീയ ടെസ്റ്റിങ് ഏജന്‍സി ഈ സംഭവത്തിലും സ്വീകരിച്ചത്.
എന്നാല്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയതോടെ കുറച്ചു വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിക്കുന്ന സ്ഥിതി വന്നു. ഇതിനെതിരെ ചിലര്‍ കോടതിയില്‍ പോയി. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. 1,563 വിദ്യാര്‍ത്ഥികള്‍ക്ക് പുനപ്പരീക്ഷ നടത്തി അവസരം നല്‍കണമെന്ന് ഇതിനിടെ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജൂണ്‍ 23ന് പുനപ്പരീക്ഷ നടത്താനാണ് തീരുമാനം. ഒന്നുകില്‍ അതെഴുതാം. അല്ലെങ്കില്‍ ഗ്രേസ് മാര്‍ക്ക് ഒഴിച്ചുള്ള മാര്‍ക്ക് നീറ്റ് പരീക്ഷയുടെ മാര്‍ക്കായി സ്വീകരിക്കാം എന്ന രണ്ട് രീതിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഏതു വേണമെങ്കിലും സ്വീകരിക്കാം. പരീക്ഷാ ഫലം 30ന് പ്രസിദ്ധീകരിക്കും, ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു.
നീറ്റ് പരീക്ഷയില്‍ അഴിമതി ഒന്നും നടന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു. കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രിമാരായ ജയന്ത് ചൗധരി, സുകാന്ത മജൂംദാര്‍ എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: