കോട്ടയം: ആംബുലന്‍സ് ഉള്‍പ്പെട്ട അപകടങ്ങള്‍ നിരത്തില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവയുടെ യാത്ര സംബന്ധിച്ച് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന ആവശ്യം അവഗണിക്കപ്പെടുന്നു. ഇന്നലെ വാഴൂരില്‍ രോഗിയുമായി പോയ ആംബുലന്‍സ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് രോഗി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഇരവികുളം സാബു, രോഗിയായ കട്ടപ്പന സ്വദേശി മോളി, ബന്ധുക്കളായ സാബു, രാഹുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത് . ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ സാബുവിന് ഗുരുതരമായ പരിക്കേറ്റുണ്ട്. മോളിയെ ഏറെ ബുദ്ധിമുട്ടിയാണ് തകര്‍ന്ന ആംബുലന്‍സില്‍ നിന്ന് പുറത്തെടുത്തത്. സ്ട്രോക്ക് മൂലം കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ ചികില്‍സ തേടിയ മോളിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്.
ആംബുലന്‍സുകള്‍ വണ്‍വേ തെറ്റിച്ച് വരുന്നതും അപ്രതീക്ഷിതമായി മുന്നില്‍ പെടുന്നതുമെല്ലാം അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ് . ഇത്തരത്തില്‍ വന്ന ആംബുലന്‍സ് ഇടിച്ച് കാര്‍യാത്രക്കാരായ അച്ഛനും രണ്ടു മക്കളും മരിച്ച സംഭവം നടന്നിട്ട് ഏറെക്കാലമായിട്ടില്ല. ഇത് ഏറെ ചര്‍ച്ചയായ ഈ സാഹചര്യത്തിലാണ് ആംബുലന്‍സുകള്‍ ഗതാഗത നിയമം പാലിക്കണമെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നത് . ആംബുലന്‍സിന്റെ സൈറണുകള്‍ ഏതു ദിശയില്‍ നിന്നാണ് വാഹനം വരുന്നതെന്ന് വ്യക്തമാക്കുന്ന തരത്തില്‍ അല്ലെന്നും ആക്ഷേമുയര്‍ന്നിരുന്നു. തിരക്കുള്ള റോഡുകളില്‍ എവിടെനിന്നോ കേള്‍ക്കുന്ന സൈറണ്‍ എന്ന നിലക്കാണ് മറ്റ് വാഹന ഡ്രൈവര്‍മാര്‍ക്ക് ഇത് തിരിച്ചറിയാനാവുന്നത്. ആ അന്ധാളിപ്പിനിടയില്‍ പെട്ടെന്ന് മുന്നില്‍പ്പെടുമ്പോള്‍ എല്ലാവര്ക്കും വാഹനങ്ങള്‍ അതനുസരിച്ച് നിയന്ത്രിക്കാന്‍ കഴിയാറില്ല. ഇത് വലിയ അപകടങ്ങള്‍ക്ക് ഇടയാക്കും. ഒരു രോഗിയെ രക്ഷിക്കാന്‍ മറ്റനേകം പേരെ അപകടപ്പെടുത്തുന്ന സംവിധാനത്തില്‍ ഭേദഗതി വേണമെന്നാണ് ഉയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: