കൊല്ലം: കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിലെ പ്രതികളുടെ മൊഴി കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ മുന്‍പാകെ ഇന്നലെ നേരിട്ട് രേഖപ്പെടുത്തി. ഭീകര സംഘടനയായ ബേസ്മൂവ്മെന്റ് അംഗങ്ങളായ അബ്ബാസ് അലി(32), ഷംസൂണ്‍ കരിംരാജ (27), ദാവൂദ് സുലൈമാന്‍ (27), ഷംസുദ്ദീന് (28) എന്നിവരാണ് കേസിലെ പ്രതികള്‍.
അഞ്ചാം പ്രതി മുഹമ്മദ് ആയൂബ് മാപ്പുസാക്ഷിയായിയിരുന്നു. പ്രതികള്‍ക്കെതിരെ 63 സാക്ഷികളുടെ മൊഴികളായിരുന്നു ഉണ്ടായിരുന്നത്. ജഡ്ജി ഓരോ മൊഴികളും വായിച്ച് ദ്വിഭാഷിയുടെ സഹായത്തോടെയായിരുന്നു പ്രതികളുടെ മറുപടി രേഖപ്പെടുത്തിയത്. ഒരുമണിയോടെ ആരംഭിച്ച മൊഴിയെടുപ്പ് ഇടയ്ക്ക് ഭക്ഷണം കഴിക്കാനായി 45 മിനിട്ട് ഇടവേള നല്‍കിയതുള്‍പ്പെടെ നാലര മണിക്കൂര്‍ നീണ്ടു. കേസ് 21ന് വീണ്ടും പരിഗണിക്കും.
പ്രോസിക്യൂഷന് സാക്ഷികളുടെ മൊഴികളില്‍ പ്രതികളുടെ മറുപടിയാണ് ക്രിമിനല്‍ ചട്ടം 313 വകുപ്പ് അനുസരിച്ച് ഇന്നലെ രേഖപ്പെടുത്തിയത്. സാക്ഷിമൊഴി അടങ്ങുന്ന ഏകദേശം 50 പേജിലെ ചോദ്യങ്ങള്‍ക്കാണ് ഇന്നലെ പ്രതികള്‍ ഉത്തരം നല്‍കിയത്.
എല്ലാ സാക്ഷികളുടെയും മൊഴികള്‍ക്ക് തെറ്റാണെന്നായിരുന്നു നാലു പ്രതികളുടെയും മറുപടി. ഇതിനിടെ, തങ്ങള്‍ എന്‍ഐഎ കസ്റ്റഡിയിലായിരിക്കെയാണ് കൊല്ലത്ത് സ്ഫോടനമെന്നതിന്റെ രേഖയും ആന്ധാപ്രദേശിലെ ചിറ്റൂരില്‍ സമാനമായ കേസില്‍ തങ്ങളെ വിട്ടയച്ചതിന്റെ വിധിപ്പകര്‍പ്പും പ്രതികള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി സമയം അനുവദിച്ചു.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് അതീവ സുരക്ഷയില്‍ പന്ത്രണ്ടുമണിയോടെ പ്രതികളെ കോടതിയില്‍ എത്തിച്ചെങ്കിലും മറ്റു കേസുകള്‍ പരിഗണിച്ച ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേസ് വിളിച്ചത്.
ഒന്നേമുക്കാല്‍ വരെ മൊഴിയെടുത്ത ശേഷം ഭക്ഷണത്തിനു ശേഷം രണ്ടരയോടെയാണ് വീണ്ടും മൊഴിയെടുപ്പ് ആരംഭിച്ചത്. അഞ്ചരയോടെ പൂര്‍ത്തിയാക്കി പ്രതികളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മുന്‍പ് കോടതിയില്‍ ഹാജരാക്കിയ സമയത്ത് പ്രതികള്‍ കോടതി ജന്നാലയുടെ ഗ്ലാസ് അടിച്ചു പൊട്ടിക്കുന്നതുള്‍പ്പെടെയുള്ള അക്രമങ്ങള്‍ നടത്തിയതിനാല്‍, എസിപി അനുരൂപിന്റെ നേതൃത്വത്തില്‍ പോലീസ് ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.
വിചാരണ ആരംഭിച്ചപ്പോള്‍ മാത്രമായിരുന്നു ഇതിനു മുന്‍പ് പ്രതികളെ നേരിട്ട് ഹാജരാക്കിയത്. പിന്നീട് വീഡിയോ കോണ്‍ഫറന്‍സ് മുഖേനെയാണ് പങ്കെടുത്തിരുന്നത്. കേസിലെ പ്രോസിക്യൂഷന് സാക്ഷിവിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കേസില്‍ പ്രോസിക്യൂഷന് 63 സാക്ഷികളെ വിസ്തരിച്ചു. 109 തെളിവുകളും 24 രേഖകളും ഹാജരാക്കിയിട്ടുണ്ട്.
കളക്ടറേറ്റില്‍ ബോംബ് സ്ഫോടനം നടന്ന് ഏഴുവര്‍ഷം പിന്നിട്ട ശേഷമാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കൊല്ലത്തിനു പിന്നാലെ മലപ്പുറം കളക്ടറേറ്റ്, നെല്ലൂര്‍, ചിറ്റൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലും ഇതേ സംഘം സ്ഫോടനങ്ങള്‍ നടത്തിയിരുന്നു. നെല്ലൂര്‍ സ്ഫോടനക്കേസ് അന്വേഷണത്തിനിടെ എന്‍ഐഎയാണ് നാലുപ്രതികളെയും അറസ്റ്റ് ചെയ്തത്.
ചോദ്യംചെയ്യലില്‍ കൊല്ലം, മലപ്പുറം സ്ഫോടനങ്ങളുടെയും ചുരുളഴിഞ്ഞു. യുഎപിഎ, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകശ്രമം, സ്ഫോടകവസ്തു ആക്ട്, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികളുടെ മേല്‍ ചുമത്തിയിട്ടുള്ളത്.
2016 ജൂണ്‍ 15നാണ് കൊല്ലത്തെ നടുക്കിയ സ്ഫോടനം നടന്നത്. തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പിലാണ് ബോംബ് വച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റ കേസ് വെസ്റ്റ് പോലീസാണ് അന്വേഷിച്ചത്. 2017 സെപ്തംബര്‍ 8ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 90 സാക്ഷികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: