കൊടുമണ്‍ (പത്തനംതിട്ട): കൈപ്പട്ടൂര്‍ – ഏഴംകുളം റോഡ് നവീകരണം സംബന്ധിച്ച തര്‍ക്കം സിപിഎമ്മില്‍ തുറന്ന പോരിലേക്ക്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഇടപെട്ട് റോഡിന്റെ അലൈന്മെന്റില് മാറ്റം വരുത്തിയെന്ന ആരോപണം ജില്ലാകമ്മിറ്റി അംഗംതന്നെ ഉന്നയിച്ചതാണ് വിവാദത്തിന് വഴിമരുന്നിട്ടത്.
റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന കൊടുമണ്ണില്‍ ഓട നിര്‍മാണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്നുവന്നത്. പിന്നാലെയാണ് മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ഓടയുടെ അലൈന്മെന്റില് മാറ്റം വരുത്തിയെന്ന് ജില്ലാ കമ്മിറ്റി അംഗവും കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ. ശ്രീധരന് ആരോപിച്ചത്. തുടര്‍ന്ന് പണിയും നിര്‍ത്തിവെപ്പിച്ചു.
ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം സംരക്ഷിക്കാന്‍ അലൈന്മെന്റില് മാറ്റം വരുത്തിയാണ് ഓട നിര്‍മിച്ചതെന്നാണ് ആരോപണം. അതേസമയം കെ.കെ. ശ്രീധരനും
ജോര്‍ജ് ജോസഫും പരസ്പരം ആരോപണം ഉന്നയിച്ചതോടെ സിപിഎം പ്രാദേശിക നേതൃത്വവും ജില്ലാ നേതൃത്വവും വെട്ടിലായി.
വിഷയവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി സിപിഎം നേതൃത്വം കെ.കെ. ശ്രീധരനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കി. മന്ത്രി വീണാ ജോര്‍ജിനോട് കൊടുമണ്ണിലെ സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമുള്ള കടുത്ത അഭിപ്രായഭിന്നത വ്യക്തമാക്കുന്നതാണ് നേതാക്കളുടെ പ്രതികരണം.
സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു റോഡ് നവീകരണത്തില്‍ അന്യായമായി ഇടപെട്ടു എന്ന ആരോപണം പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ മന്ത്രി വീണാ ജോര്‍ജ് വിഷയത്തില്‍ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
അതേസമയം സംഭവത്തില്‍ കെ.കെ. ശ്രീധരനോട് ജില്ലാ നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്. പാര്‍ട്ടിയെ വെട്ടിലാക്കിയ കെ.കെ. ശ്രീധരന്റെയും ജോര്‍ജ് ജോസഫിന്റെയും പരസ്യ പ്രതികരണങ്ങള്‍ സൃഷ്ടിച്ച വിവാദ അന്തരീക്ഷം എങ്ങനെ പരിഹരിക്കും എന്നറിയാതെ കുഴങ്ങുകയാണ് സിപിഎം നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: