അയോദ്ധ്യ: ശ്രീരാമക്ഷേത്ര നിര്‍മ്മാണവുമായ ബന്ധപ്പെട്ട് നടന്ന നഗരവികസനത്തിനായി ഭൂമിയും വീടും ഒഴിഞ്ഞവര്‍ക്ക് സമ്പൂര്‍ണമായും നഷ്ടപരിഹാരം നേരത്തെതന്നെ നല്കിയിട്ടുള്ളതാണെന്ന് ജില്ലാ മജിസ്ട്രേറ്റ് നിതീഷ്കുമാര്‍.
രാമജന്മഭൂമി പഥ്, ഭക്തി പഥ്, രാംപഥ്, പഞ്ച്കോശി പരിക്രമ മാര്‍ഗ്, ചൗദാ കോസി പരിക്രമ മാര്‍ഗ്, അയോദ്ധ്യ വിമാനത്താവളം എന്നിവയുടെ നിര്‍മ്മാണത്തിന് വേണ്ടിയാണ് ജനങ്ങളില്‍ ചിലര്‍ക്ക് ഭൂമിയും വീടും വിട്ടുകൊടുക്കേണ്ടിവന്നത്. 1,253.06 കോടി രൂപ ഇവര്‍ക്ക് നഷ്ടപരിഹാരമായി വിതരണം ചെയ്തു.
ഭൂമി നഷ്ടമായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാത്തതിനാലാണ് അയോദ്ധ്യയില്‍ ബിജെപി തോറ്റതെന്ന് പ്രചരിപ്പിച്ച വീഡിയോകളോട് പ്രതികരിക്കുകയായിരുന്നു നിതീഷ്കുമാര്‍. ക്ഷേത്ര നഗരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വേണ്ട എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. കട, വീട്, സ്ഥല ഉടമകളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അവരുടെ സമ്മതത്തോടെ ചട്ടങ്ങള്‍ക്കനുസൃതമായി പുനരധിവാസം പൂര്‍ത്തിയാക്കിയതാണ്. എക്സ്ഗ്രേഷ്യയും നഷ്ടപരിഹാരവും നല്‍കിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
ചരിത്രപരവും പുരാണപരവുമായ പൈതൃകം സംരക്ഷിച്ചുകൊണ്ട് അയോദ്ധ്യയെ ആധുനിക നഗരമായി വികസിപ്പിക്കുക എന്ന ആശയം മുന്നോട്ടുപോകും. റോഡുകളുടെ വീതി കൂട്ടല്‍ ഇതിന് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 4,616 കടയുടമകളെ നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണവും റോഡുകളുടെ വീതി കൂട്ടലും ബാധിച്ചിരുന്നു. ഭാഗികമായി പൊളിച്ച കടകളുടെ വലുപ്പമനുസരിച്ച്, കടയുടമകള്‍ക്ക് എക്സ്ഗ്രേഷ്യ തുക നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ കടകളും ഭരണകൂടംതന്നെ മോടി പിടിപ്പിച്ച് നല്‍കിയിട്ടുണ്ട്. കടകള്‍ നല്‍കിയെന്ന് മാത്രമല്ല, തീര്‍ത്ഥാടനം പുരോഗമിച്ചതോടെ അവര്‍ക്ക് കച്ചവടവും നേരത്തെയുള്ളതിന്റെ പല മടങ്ങായി വര്‍ധിച്ചു. റോഡുകളുടെ വീതികൂട്ടല്‍ കാരണം 79 കുടുംബങ്ങളെ പൂര്‍ണമായും മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. 1,845 ഭൂ, കെട്ടിട ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 300.67 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അയോദ്ധ്യ വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുത്ത എല്ലാവരെയും ചട്ടങ്ങള്‍ക്കനുസൃതമായി പുനരധിവസിപ്പിച്ചിട്ടുണ്ട്. എല്ലാവരുടെയും സമ്മതത്തോടെയാണ് ഭൂമി ഏറ്റെടുത്തത്. ഭൂമിയുടെയും കെട്ടിടത്തിന്റെയും ഉടമകളുടെ അക്കൗണ്ടുകളിലേക്ക് 952.39 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: