കണ്ണൂര്‍: കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി കോഴിക്കോടെത്തി. രാവിലെ ആറര മണിയോടെ അദ്ദേഹം തളി ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂരിലെത്തും. മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിൽ അദ്ദേഹം ദര്‍ശനം നടത്തും.
സിപിഎം നേതാവായിരുന്ന ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കും. പിന്നീട് കൊട്ടിയൂർ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തും. ഇതിന് ശേഷമായിരിക്കും തൃശൂരിലേക്ക് മടങ്ങുക. ഇന്നലെയാണ് കേന്ദ്ര പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിയായി ചുമതല ഏറ്റെടുത്തത്. ഇതിന് പിന്നാലെ കേരളത്തിലേക്കുള്ള ആദ്യ സന്ദര്‍ശനമാണ് ഇത്.
കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി കേരളത്തിലെത്തിയ സുരേഷ് ഗോപിയ്‌ക്ക് വന്‍ സ്വീകരണം ബിജെപി പ്രവർത്തകർ ഒരുക്കിയിരുന്നു. രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സുരേഷ് ഗോപി വിമാനമിറങ്ങിയത്. ബിജെപി പ്രവര്‍ത്തകരും പോലീസും മാധ്യമപ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പെടുന്ന വലിയ ജനാവലിയാണ് വിമാനത്താവളത്തിന് പുറത്ത് സുരേഷ് ഗോപിയെ കാത്തുനിന്നത്. ആര്‍പ്പുവിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ വരവേറ്റത്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപെട്ടു.
എം ടി രമേശ് ഉള്‍പ്പെടെയുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിയെ വരവേല്‍ക്കാനായെത്തി. ഹാരമണിയിച്ചാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: