കോട്ടയം: സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്ന ബിനു പുളിക്കകണ്ടത്തെ പുറത്താക്കിയതോടെ പാലാ നഗരസഭയില്‍ നിന്ന് പുറത്തായത് പാര്‍ട്ടി ചിഹ്നം കൂടിയാണ്. പാലാ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക സിപിഎം അംഗമായിരുന്നു ബിനു. സിജി പ്രസാദ്, ജോസിന് ബിനു, സതി ശശികുമാര്‍, ബിന്ദു മനു എന്നീ നാല് കൗണ്‍സിലര്‍മാര്‍ കൂടി ഉണ്ടെങ്കിലും സിപിഎം സ്വതന്ത്രരായിട്ടാണ് അവര്‍ ജയിച്ചത്. ബിനു മാത്രമാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചത് .
ഏതു ഏതൊരു പാര്‍ട്ടിയില്‍ നിന്നാലും അതിന്റെ ചട്ടക്കൂടില്‍ ഒതുങ്ങില്ല എന്നതാണ് ബിനുവിനെ എന്നും വിവാദ നായകനാക്കിയിട്ടുള്ളത്. കെഎസ്യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ബിനു പിന്നീട് യൂത്ത് കോണ്‍ഗ്രസിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചു. കെ കരുണാകരന് ഡിഐസി രൂപീകരിച്ചപ്പോള്‍ അതിലേക്ക് മാറി. അതുകഴിഞ്ഞ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ടായിരിക്കെ പാലാ നിയമസഭാ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുകയായിരുന്നു. തുടര്‍ന്നാണ് സിപിഎം ഏറ്റെടുത്തത്. പാലാ തെക്കേക്കരയിലെ ഏതു വാര്‍ഡില്‍ നിന്നാലും ജയിക്കത്തക്ക ജനസമ്മതിയാണ് സിപിഎമ്മിനെ ബിനുവിലേക്ക് അടുപ്പിച്ചത്.
നഗരസഭയില്‍ അടി ഉണ്ടാക്കിയപ്പോഴും ചെയര്മാന് പദവി ലഭിക്കാഞ്ഞതിന്റെ പേരില്‍ കറുപ്പണിഞ്ഞു നടന്നപ്പോഴും എയര്‍പോഡ് മോഷണക്കേസില്‍ പ്രതിയായപ്പോഴുമെല്ലാം ബിനു വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍ ജോസ് ചീരാന്‍കുഴിയുടെ എയര്‍പോഡ് മോഷ്ടിച്ചുവെന്ന പരാതിയില്‍ ബിനുവിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട് .പാര്‍ട്ടി പിന്തുണ നഷ്ടപ്പെട്ടതോടെ ഈ കേസ് പോലീസ് ഊര്‍ജിതമാക്കാന്‍ ഇടയുണ്ട്.
അതേസമയം ജോസ് കെ മാണിയെ സന്തോഷിപ്പിക്കാനാണ് തന്നെ പുറത്താക്കിയതെന്നും സിപിഎമ്മിനെ താന്‍ ഒരിക്കലും വിമര്‍ശിച്ചിട്ടില്ലെന്നും പുളിക്കക്കണ്ടം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: