ന്യൂയോര്‍ക്ക്: തോല്‍വി ഉറപ്പിച്ചിടത്തുനിന്നും അവിശ്വസീനയമായി വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ടി 20 ലോകകപ്പില്‍ തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിലാണ് ദക്ഷിണാഫ്രിക്ക അവിശ്വസനീയ വിജയം ബംഗ്ലാദേശിനെ സ്വന്തമാക്കിയത്. ചെറിയ സ്‌കോര്‍ മാത്രം പിറന്ന മത്സരത്തില്‍ നാല് റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക കരസ്ഥമാക്കിയത്. വിജയത്തോടെ സൂപ്പര്‍ എട്ടിലും ദക്ഷിണാഫ്രിക്ക ഇടംപിടിച്ചു. ഗ്രൂപ്പ് ഡിയില്‍ കളിച്ച മൂന്നും ജയിച്ച് ആറ് പോയിന്റുമായാണ് ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ട് ഉറപ്പിച്ചത്.
ടോസ് നേടി ബാറ്റിങ്ങിനെത്തിയ ദക്ഷിണാഫ്രിക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. 46 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് ഏഴ്് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തിളങ്ങി.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 114 റണ്‍സിന്റെ ചെറിയ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിനും ബംഗ്ലാദേശിനും പതിഞ്ഞ തുടക്കമായിരുന്നു. നാല് വിക്കറ്റുകള്‍ 50 റണ്‍സിനിടെ അവര്‍ക്ക് നഷ്ടമായി. തന്‍സിദ് ഹസന്‍ (9), ലിറ്റണ്‍ ദാസ് (9), ഷാക്കിബ് അല്‍ ഹസന്‍ (3), നജ്മുള്‍ ഹുസൈന്‍ (14) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് തൗഹിദ് ഹൃദോയ് (37) , മഹ്മുദുള്ള (20) സഖ്യം 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 18-ാം ഓവറില്‍ ഹൃദോയിയെ നഷ്ടമായി.
അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ 18 റണ്‍സാണ് ബംഗ്ലാദേശിന് വേണ്ടിയിരുന്നത്. എന്നാല്‍ ഏഴ് റണ്‍സെടുക്കാനാണ് സാധിച്ചത്. അവസാന ഓവറില്‍ വേണ്ടത് 11 റണ്‍സ്. കേശവ് മഹാരാജിന്റെ ആദ്യ പന്ത് വൈഡ്. അടുത്ത പന്തില്‍ ഒരു റണ്‍. രണ്ടാം പന്തില്‍ രണ്ട് റണ്‍. എന്നാല്‍ മൂന്നാം പന്തില്‍ ജേക്കര്‍ അലി (8) പുറത്തായി. നാലാം പന്തില്‍ റിഷാദ് അലി ഒരു റണ്‍ നേടി. എന്നാല്‍ അടുത്ത പന്തില്‍ മഹ്മുദുള്ള പുറത്തായി. ഫുള്‍ടോസ് മുതലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ലോങ് ഓണ്‍ ബൗണ്ടറി ലൈനില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച്. അവസാന പന്തില്‍ ജയിക്കാന്‍ ആറ് റണ്‍. മഹാരാജ് എറിഞ്ഞ മറ്റൊരു ഫുള്‍ടോസില്‍ ഒരു റണ്‍സെടുക്കാനേ ടസ്‌കിന്‍ അഹമ്മദിന് കഴിഞ്ഞുള്ളൂ. ഇതോടെ പരാജയവും അവര്‍ ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: