പൂനെ: ആഢംബര കാറിടിച്ച് രണ്ട് എന്‍ജിനീയര്‍മാര്‍ മരിച്ച സംഭവത്തില്‍ കുറ്റാരോപിതനായ 17 കാരന്റെ പിതാവിനെതിരെ ആറാമത്തെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. ഫ്ളാറ്റ് ഉടമകളെ വഞ്ചിച്ചുവെന്നാരോപിച്ചാണ് പുതിയ കേസ്. മെയ് 19 ന് ഉണ്ടായ അപകടത്തിന് ശേഷം 50 കാരനായ പിതാവിനെതിരെ അഞ്ച് കേസുകള്‍ നിലവിലുണ്ട്. ബവ്ധാനിലെ റെസിഡന്‍ഷ്യല്‍ പ്രോജക്റ്റിലെ 72 ഫ്ളാറ്റ് ഉടമകളില്‍ ഒരാള്‍ നല്കിയ പരാതിയിലാണ് പുതിയ കേസ്. താമസക്കാര്‍ക്ക് പാര്‍ക്കിങ്ങിനും തുറസ്സായ സ്ഥലത്തിനും സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നതാണ് പ്രധാന പരാതി.
17 കാരന്റെ പിതാവിനും മുത്തച്ഛനുമെതിരെ കഴിഞ്ഞയാഴ്ച ഒരു ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മറ്റൊരു കേസും ഫയല്‍ ചെയ്തിരുന്നു. ഒരു വ്യവസായിയുടെ മകന് ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റം ചുമത്തിയാണ് മറ്റൊരു എഫ്ഐആര്‍ ഇട്ടത്.
പിതാവിനെതിരെയുള്ള മറ്റ് മൂന്ന് കുറ്റങ്ങളും അപകടവുമായി ബന്ധപ്പെട്ടതാണ്. അപകടസമയത്ത് പ്രായപൂര്‍ത്തിയാകാത്തയാളെ കാറോടിക്കാന്‍ അനുവദിക്കുകയും അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഡ്രൈവറെ നിര്‍ബന്ധിക്കുകയും ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവും മുത്തച്ഛനും പ്രതികളാണ്. പിതാവും കുട്ടിയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിയാണ്. അപകടത്തിന് മുമ്പ് കുട്ടി മദ്യം കഴിച്ച ബാറുകളുടെ മാനേജര്‍മാരും ഉടമകളും കുട്ടിയുടെ അമ്മയും സസൂണ്‍ ആശുപത്രിയിലെ മൂന്ന് ജീവനക്കാരും രണ്ട് ഇടനിലക്കാരും പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: