കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ നടൻ സുരേഷ് ഗോപി, മോദി സർക്കാരിന്റെ മുന്നാം മന്ത്രിസഭയിൽ നിന്ന് രാജിവയ്‌ക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വാർത്തകൾ അപ്പാടെ തള്ളി സുരേഷ് ഗോപി തന്നെ രംഗത്തെത്തിയിരുന്നു. പ്രധാനപ്പെട്ട നാല് സിനിമകൾക്ക് വാക്കുകൊടുത്തതാണ് താരത്തിന്റെ ഈ തീരുമാനത്തിന് കാരണമെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്.
സഹമന്ത്രിയായി തുടരുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയെങ്കിലും, താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ ഏതൊക്കെയാണെന്ന ആകാഷയിലാണ് ആരാധകർ. തൃശൂരിലെ വിജയത്തിന് പിന്നാലെ മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപി നായകനാകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലൊരുങ്ങുന്ന ചിത്രമാണ് ഇക്കൂട്ടത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ പ്രഖ്യാപിച്ച ചിത്രം സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെയാണ് ശ്രദ്ധനേടിയത്. സുരേഷ് ഗോപിക്കൊപ്പം, മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ട്.
പത്മനാഭ സ്വാമി ക്ഷേത്രത്തെ പശ്ചാത്തലമാക്കി മറ്റൊരു ബിഗ് ബജറ്റ് ചിത്രവും അണിയറയിലുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവിരങ്ങൾ പുറത്തു വിട്ടിട്ടില്ല. ശ്രീ ഗോകുലം മൂവീസാണ് ചിത്രത്തിന്റെ നിർമ്മാണം. പാൻ ഇന്ത്യൻ ചിത്രമായിരിക്കും ഇതെന്നും റിപ്പോർട്ടുണ്ട്.
ഈ ചിത്രങ്ങൾക്കു പുറമേ, സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന മറ്റു രണ്ടു ചിത്രങ്ങളിൽ കൂടി സുരേഷ് ഗോപി നായകനാകും. ‘എൽകെ’ എന്ന പേരിൽ, സുപ്പർ ഹിറ്റ് ചിത്രം ‘ചിന്താമണി കൊലക്കേസി’ന്റെ രണ്ടാം ഭാഗമാണ് ഇതിൽ പ്രധാനം. അഡ്വ. ലാൽ കൃഷ്ണ എന്ന കഥാപാത്രമായി സുരേഷ് ഗോപി വീണ്ടുമെത്തുമെന്ന് ഫാൻ പോജുകളിൽ റൂമറുകളുണ്ടായിരുന്നെങ്കിലും, ചിത്രത്തെ കുറിച്ചുള്ള സ്ഥിരീകരിച്ച റിപ്പോർട്ടുകൾ ഇനിയും വരേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: