തിരുവനന്തപുരം: ബാര്‍ക്കോഴ ആരോപണത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതിലും അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ആവശ്യം മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും തള്ളിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കി. സ്പീക്കറുടെ ഇരിപ്പിടം മറച്ച് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ നടപടികള്‍ വേഗത്തിലാക്കി സഭ പി
രിഞ്ഞു.
അടിയന്തര പ്രമേയം സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ റോജി എം. ജോണാണ് നോട്ടീസ് നല്‍കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബാര്‍കോഴ ആരോപണത്തില്‍ നിയമസഭയില്‍ അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് നടത്തിയ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ റോജി എം. ജോണ്‍ മാണിക്ക് എതിരായ വിഎസിന്റെ പഴയ ബൈബിള്‍ വാക്യം ആവര്‍ത്തിച്ചു. കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വീണു പോകരുതെന്ന് റോജി പറഞ്ഞു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. ശബ്ദസന്ദേശം എങ്ങനെ പുറത്തുവന്നു എന്നത് മാത്രമാണ് അന്വേഷിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ രണ്ട് യോഗത്തിനുശേഷം ടൂറിസം ഡയറക്ടര്‍ മദ്യനയത്തിന്റെ പുതുക്കല്‍ എന്ന അജണ്ട വച്ചാണ് യോഗം വിളിച്ചത്. ഈ യോഗത്തിന്റെ ഉറപ്പിനെ തുടര്‍ന്നാണ് മദ്യനയം ചര്‍ച്ച ചെയ്യാന്‍ ബാര്‍ ഉടമകളുടെ സംഘടന യോഗം ചേര്‍ന്നത്. അതിനു ശേഷമാണ് സംഘടനാ നേതാവ് ശബ്ദരേഖ അയച്ചത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പുതിയ മദ്യനയം ഉണ്ടാകുമെന്നും ഡ്രൈ ഡേ എടുത്തുകളയുമെന്നും അതില്‍ പറയുന്നു. എന്നാല്‍ അതിന് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം. മൂന്നിലൊന്ന് തുക മാത്രമാണ് പിരിഞ്ഞുകിട്ടിയെന്നും പണം കൊടുക്കാതെ ആരും സഹായിക്കില്ലെന്നും ശബ്ദരേഖയില്‍ ഉണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സാധാരണ ഒരു പാര്‍ട്ടിയും ഫണ്ട് വാങ്ങുന്നതല്ലെന്നും എന്നിട്ടും അതിനുള്ള ഓപ്ഷന് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു. ഇത്തരത്തില്‍ എല്ലാ തെളിവ് ഉണ്ടായിട്ടും എന്ത് കൊണ്ട് അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കുന്നില്ല. പണം പിരിക്കുന്നത് പ്രതിപക്ഷത്തിന് വേണ്ടിയല്ല. ആര്‍ക്കുവേണ്ടിയാണെന്ന് മനസിലാവാത്തത് എക്സൈസ് വകുപ്പ് മന്ത്രിക്ക് മാത്രമാണെന്നും റോജി റോണ്‍ പറഞ്ഞു. ടൂറിസം വകുപ്പ് എന്തിനാണ് എക്സൈസ് വകുപ്പിന്റെ കാര്യത്തില്‍ ഇടപെടുന്നതെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കണമെന്നും വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഹമ്മദ് റിയാസ് ആണോയെന്നും റോജി ചോദിച്ചു. ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അംബാനെയെന്നുമാണ് റോജി എം. ജോണ്‍ പരിഹസിച്ചത്.
മദ്യനയത്തില്‍ പ്രാഥമിക ചര്‍ച്ച നടന്നിട്ടില്ലെന്നും ചീഫ് സെക്രട്ടറി നടത്തിയ യോഗം മദ്യനയവുമായി ബന്ധപ്പെട്ട യോഗമായിരുന്നില്ലെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ് മറുപടി പറഞ്ഞു. ടൂറിസം ഡയറക്ടര്‍ സംഘടിപ്പിച്ച യോഗം പതിവ് യോഗത്തിന്റെ ഭാഗം മാത്രം ആയിരുന്നു. മദ്യനയത്തിന്റെ പേരില്‍ വാട്സ്ആപ്പ് വഴി അയച്ച വോയ്സ് ക്ലിപ്പ് ശ്രദ്ധയില്‍പ്പെട്ട ഉടനെ പരാതി നല്‍കിയെന്നും അക്കാര്യത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു. യുഡിഎഫാണ് ബാര്‍ ഉടമകളെ സഹായിക്കുന്ന നിലപാടെടുത്തിട്ടുള്ളതെന്നും നിങ്ങള്‍ ചെയ്യുമ്പോള്‍ ആഹാ എന്നും ഇപ്പോള്‍ ഓഹോ എന്നാണോ എന്നും മന്ത്രി ചോദിച്ചു. ഞായറാഴ്ചകളിലെ ഡ്രൈ ഡ്രേ ഒഴിവാക്കാന്‍ വേണ്ടി മാത്രം ഒരു മദ്യനയം കൊണ്ടുവന്ന സര്‍ക്കാരാണ് യുഡിഎഫ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.
എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് ഇവിടെ എന്തോ സംഭവമുണ്ടെന്ന പ്രതീതിയുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മന്ത്രി നല്കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം അനിവാര്യമാണെന്നും സഭയ്ക്കകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പ്രതി തന്നെ വാദി ആകുന്ന രീതിയാണെന്നും മുഖ്യമന്ത്രിയുടെ മറുപടി സ്വീകാര്യമല്ലെന്നും ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറെ മറയ്ക്കുന്ന തരത്തിലുള്ള ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. ബഹളത്തിനിടയില്‍ സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: