കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദിച്ചെന്ന പരാതിയില്‍ മലക്കം മറിഞ്ഞ് പരാതിക്കാരിയായ യുവതി.ഭര്‍ത്താവ് രാഹുലിനെതിരെ തെറ്റായ ആരോപണമാണ് ഉന്നയിച്ചതെന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ യുവതി പറഞ്ഞു.
പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞതെല്ലാം കളവാണ്. തനിക്ക് കുറ്റബോധം ഉണ്ടെന്നും യുവതി പറഞ്ഞു.നേരത്തെ മറ്റൊരു വിവാഹം രജിസ്റ്റര്‍ ചെയ്ത കാര്യം ഭര്‍ത്താവായ രാഹുല്‍ പറഞ്ഞിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.
വീട്ടുകാര്‍ പ്രേരിപ്പിച്ചതിനാലാണ് സ്ത്രീധന പീഡനമുള്‍പ്പെടെ ആരോപണം ഉന്നയിച്ചതെന്നും യുവതി വ്യക്തമാക്കി.നേരത്തെ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. പ്രതി രാഹുലിനെതിരെ വധശ്രമം, സ്ത്രീധന പീഡനം ഉള്‍പ്പെടെ ചുമത്തിയാണ് പന്തീരാങ്കാവ് പൊലീസ് കേസെടുത്തത്.
വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുന്നേ ക്രൂരമര്‍ദനത്തിനിരയായി എന്നായിരുന്നു പരാതി. രാഹുല്‍ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും യുവതിയുടെ പിതാവ് പറഞ്ഞിരുന്നു.
യുവതിയുടെ പരാതിയില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനു പന്തീരാങ്കാവ് എസ്എച്ച്ഒ എസ്. സരിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ യുവതി ഒരാഴ്ച മുമ്പ് വീട് വിട്ട് ജോലി സ്ഥലത്തേക്ക് പോയതാണെന്ന് വീഡിയോ പുറത്തു വന്നതിന് പിന്നാലെ പിതാവ് പറഞ്ഞു. എന്നാല്‍ അന്വേഷിച്ചപ്പോള്‍ അവിടെ ഏതാനും ദിവസമായി എത്തുന്നില്ലെന്നും വ്യക്തമായി. ജോലി സ്ഥലത്തുളളവര്‍ കരുതിയിരുന്നത് യുവതി വീട്ടിലാണെന്നാണ്. ഈ സാഹചര്യത്തില്‍ യുവതിയെ ഭര്‍തൃവീട്ടുകാര്‍ ഭീഷണിപ്പെടുത്തി വീഡിയോ പുറത്തിറക്കിയതാണെന്ന് സംശയമുണ്ടെന്ന് പിതാവ് പറഞ്ഞു.
കേസെടുത്തതിന് പിന്നാലെ ജര്‍മ്മനിയിലേക്ക് കടന്ന രാഹുലിനെ തിരിച്ചെത്തിക്കാനുളള ശ്രമം നടത്തിവരികയാണ് അന്വേഷണോദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: