തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ബാർ മുതലാളിമാർക്ക് വേണ്ടി മദ്യനയം അട്ടിമറിക്കുന്നതിനെതിരെ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി. റോജീ എം ജോണാണ് വിഷയം അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകിയത്.
മദ്യനയത്തിലെ നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. പരാതിയില്‍ അന്വേഷിക്കുന്നത് ശബ്ദസന്ദേശം എങ്ങനെ പുറത്തുവന്നു എന്നാണ്. എല്ലാ തെളിവുകളും ഉണ്ടായിട്ടും എന്തുകൊണ്ട് അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കുന്നില്ല. പണം പിരിക്കുന്നത് പ്രതിപക്ഷത്തിന് വേണ്ടിയല്ല, ആര്‍ക്കുവേണ്ടിയാണെന്ന് മനസിലാവാത്തത് എക്‌സൈസ് വകുപ്പ് മന്ത്രിക്ക് മാത്രമാണെന്നും റോജി വിമര്‍ശിച്ചു.
ടൂറിസം വകുപ്പ് എന്തിനാണ് എക്‌സൈസിന്റെ കാര്യത്തില്‍ ഇടപെടുന്നത്. എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഹമ്മദ് റിയാസ് ആണോയെന്നും അദ്ദേഹം ചോദിച്ചു. ജനിക്കാത്ത കുഞ്ഞിന്റെ ജാതകം കുറിക്കുകയാണെന്നാണ് എക്‌സൈസ് മന്ത്രി പറഞ്ഞത്. എന്നാല്‍ കുഞ്ഞ് ജനിച്ചെന്നും അതിന്റെ അച്ഛനാരാണെന്ന് മാത്രം അന്വേഷിച്ചാല്‍ മതിയെന്നും റോജി പരിഹസിച്ചു. ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേയെന്നും മന്ത്രിയോട് റോജി ചോദിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബാര്‍ കോഴ ആരോപണത്തില്‍ നിയമസഭയില്‍ അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസംഗങ്ങള്‍ ഭരണപക്ഷത്തെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് റോജി എം ജോൺ പ്രസംഗിച്ചത്. കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തില്‍ നിങ്ങള്‍ വീണുപോകരുത്. അടുത്ത ദിവസങ്ങളിലെ ശബ്ദസന്ദേശം എങ്ങനെയാണോ പുറത്തുവന്നത്, സമാനരീതിയില്‍ വന്ന ശബ്ദരേഖകളുടെയൊക്കെ അടിസ്ഥാനത്തിലാണ് കെ.എം. മാണിക്കെതിരെ ഇന്നത്തെ ഭരണപക്ഷം അന്ന് ബാര്‍ക്കോഴ ആരോപണം ഉന്നയിച്ചത്.
കേരളം മുമ്പെങ്ങും കണ്ടില്ലാത്തവിധം കോലാഹലങ്ങള്‍ക്ക് കേരളം സാക്ഷ്യംവഹിച്ചു. അന്ന് നിയമസഭപോലും തല്ലിതകര്‍ത്ത, സ്പീക്കര്‍ ഇരിക്കുന്ന കസേരപോലും തല്ലിതകര്‍ക്കുന്ന സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവവികാസങ്ങള്‍ക്ക് നിയമസഭ സാക്ഷ്യം വഹിച്ചത് ഈ ബാര്‍ക്കോഴ അഴിമതി ആരോപണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
‘കെടാത്ത തീയും ചാകാത്ത പുഴുവും…’ എന്ന വി.എസിന്റെ പ്രസംഗത്തിലെ ഭാഗമാണ് റോജി ഉദ്ധരിച്ചത്. ‘കെ.എം. മാണിയും ഉമ്മന്‍ചാണ്ടിയും പി.സി. ജോര്‍ജുമൊക്കെ വിശുദ്ധഗ്രഥം നന്നായി വായിച്ചു പഠിച്ചിട്ടുള്ളവരല്ലേ. അതില്‍ മത്തായിയുടെ സുവിശേഷത്തില്‍നിന്ന് ഒരു വാചകം ഉദ്ധരിക്കാം. ഒരു മനുഷ്യന്‍ ഈ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാല്‍ എന്ത് പ്രയോജനമാണെന്നാണ് പറയുന്നത്. വചനം സത്യമായി അനുഭവപ്പെടുന്ന ഒരു കാലം വരും മിസ്റ്റര്‍ മാണി. കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തില്‍ മാണി വീണുപോകുന്നത് എനിക്ക് ഓര്‍ക്കാന്‍പോലും കഴിയുന്നില്ല’. മുഖ്യമന്ത്രിയോടും മന്ത്രിമാരായ എം.ബി. രാജേഷിനോടും മുഹമ്മദ് റിയാസിനോടും തങ്ങള്‍ക്ക് പറയാനുള്ളത് ഇതുതന്നെയാണ് – റോജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: