താങ്ക്സ് ക്യാപ്റ്റന്‍… ലീഡര്‍… ലെജന്‍ഡ്… ഗാലറിയിലെ നീലക്കടലാരവം നിലയ്ക്കുകയും അലമാലകളില്‍ ഈ വരികള്‍ തെളിയുകയും ചെയ്തു…. സോണാര്‍ സുനില്‍ എന്ന് അത്ര നേരം ആര്ത്ത ആ ജനസാഗരം ഒരുവേള നിശബ്ദമായി… കൈകൂപ്പി മൈതാനത്ത് വലം വച്ച് ഗാലറിയെ അഭിവാദ്യം ചെയ്ത രാജ്യത്തിന്റെ എക്കാലത്തെയും കരുത്തനായ നായകനെ ഈറന്‍ കണ്ണുകളോടെ, നിറഞ്ഞ ഹര്‍ഷാരവത്തോടെ കണ്ണിമ ചിമ്മാതെ ആരാധകലോകം നോക്കി നിന്നു…
കണ്ണീരുപ്പിനാല്‍ തീര്‍ത്ത തടാകമായി സാള്‍ട്ട്ലേക്ക്… സുനില്‍ ഛേത്രിക്ക് കളിക്കളത്തില്‍ വിട… പത്തൊമ്പത് വര്‍ഷം… 151 അന്താരാഷ്ട്ര മത്സരങ്ങള്‍.. 94 ഗോളുകള്‍… ക്രിക്കറ്റ് ജീവിതമാക്കിയ പുതിയകാലത്തിന്റെ ഭാഷയില്‍ ഗോള്‍ സെഞ്ച്വറിക്ക് ഒരു സിക്സര്‍ ദൂരം ബാക്കി നിര്‍ത്തി ഭാരത ഫുട്ബോളിന്റെ ഇതിഹാസ നായകന് ബൂട്ടഴിച്ചു. ലോകഫുട്ബോള്‍ ചരിത്രത്തിന്റെ ഏടുകളിലേക്ക് പന്ത് തട്ടിക്കയറിയ ഒരേയൊരു ഭാരതീയന്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസിക്കും പിന്നില്‍ ഗോളെണ്ണത്തില്‍ മൂന്നാമനായവന്‍… പ്രകടനമാണെന്റെ പ്രായമെന്ന് ഉറക്കെ പറഞ്ഞവന് …. ലോകം കൊതിക്കുന്ന ഫിനിഷര്‍ …. സെക്കന്തരാബാദില്‍ പിറന്ന് സിക്കിമില്‍ വളര്‍ന്ന് ആരവങ്ങള്‍ക്കെതിരെ നീന്തിത്തുടിച്ചവന്‍…. നിശ്ശബ്ദ ഗാലറികളെ തീ പിടിപ്പിച്ചവന്… ഛേത്രി ഒരു യുഗമാവുന്നത് അങ്ങനെയാണ്.
കഴിഞ്ഞ ഇരുപതാണ്ട് ഛേത്രിയുടെ കാലുകള്‍ക്കൊപ്പം സഞ്ചരിച്ചതാണ് ഈ ആരാധകവൃന്ദമത്രയും. ഉയരക്കുറവ് ഉയരമാക്കിയ എണ്ണം പറഞ്ഞ ഹെഡ്ഡറുകളില്‍, കാലില്‍ പന്തെത്തിയാല്‍ കുതിരവേഗമാര്‍ജിക്കുന്ന മാസ്മരികതയില്‍ മനം മയങ്ങി ഒരു മെസിയില്ലാത്തത് നമ്മള് മറന്ന കാലം. നാട്ടിന്‍പുറത്തെ കളിപ്പറമ്പുകളില്‍ നിന്ന് ലോകഫുട്ബോളിന്റെ തട്ടകത്തിലേക്ക് കണ്ണും മനസും പറിച്ചുനട്ട ആവേശക്കാലത്തും ഇവിടെയൊരാള് ഇങ്ങനെ നീലാകാശത്തിന്റെ പൊക്കത്തില്‍ നിറഞ്ഞുനിന്നു… മെസിയും ക്രിസ്റ്റ്യാനോയും എംബാപ്പെയും നെയ്മറുമൊക്കെ കൂറ്റന്‍ ഫ്ളക്സുകളില്‍, കട്ടൗട്ടുകളില്‍ നാടാകെ നിറഞ്ഞ കാലത്തും അവര്‍ക്കിടയില്‍ ഛേത്രിയും ഉയര്‍ന്നു. ഒരു കാലം വരും, ലോകകപ്പ് ഫുട്ബോളിന്റെ കളിമൈതാനങ്ങളില്‍ ഛേത്രീ, പ്രിയപ്പെട്ടവനേ എന്ന് മെസിയന്‍ താളത്തില്‍ മെക്സിക്കന്‍ തിരമാലകള്‍പോലും നമ്മളും ആര്‍ത്തിരമ്പും…. കാല്പനികതയുടെ കാഴ്ചകളിലേക്ക് ശരാശരി ഭാരതീയനെ ആര്‍ജവത്തോടെ നടക്കാന്‍ പഠിപ്പിച്ച ആ കാല് വിരുന്ന് സാള്‍ട്ട്ലേക്കിന്റെ പച്ചപ്പില്‍ അവസാനിക്കുന്നു…
കരിയറിലെ അവസാനമത്സരത്തിന് ഇറങ്ങുംമുമ്പ് കഴിഞ്ഞ ദിവസം രാത്രി സാള്‍ട്ട്ലേക്കിലെ ഛേത്രിയുടെ പരിശീലനം പോലും ആരാധകര്‍ ഉത്സവമാക്കിയിരുന്നു. മൈതാനത്ത് ഛേത്രി പന്ത് തൊട്ടപ്പോഴെല്ലാം അവര്‍ ആരവമുയര്‍ത്തി. അമ്ര ഛേത്രിര്‍ കേല മിസ് കോര്‍ബോ ഖൂബ്’ (നിന്നെ ഞങ്ങള്‍ മിസ് ചെയ്യും ഛേത്രി) എന്ന് ബംഗാളിയിലെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് അവര്‍ മൈതാനത്തിന് പുറത്ത് തടിച്ചുകൂടിയത്.
എഎഫ്സി ചലഞ്ച്, നാല് സാഫ്, മൂന്ന് നെഹ്റു കപ്പ്, രണ്ട് ഇന്റര്‍ കോണ്ടിനെന്റല്… ഛേത്രി തൊട്ട കിരീടങ്ങള്‍. അര്‍ജുന, ഖേല്‍രത്ന, പദ്മശ്രീ… രാജ്യം ഛേത്രിക്ക് തൊട്ട തിലകങ്ങള്‍…
2005 ജൂണ്‍ 12ന് പാകിസ്ഥാനെതിരായ മത്സരത്തില്‍ പകരക്കാരനായിറങ്ങിയ ഇരുപതുകാരന്റെ തേരോട്ടത്തിനാണ് പില്ക്കാലം സാക്ഷ്യം വഹിച്ചത്. സാക്ഷാല്‍ ബൈച്ചുങ് ബൂട്ടിയയ്ക്ക് പകരക്കാരനായാണ് അന്ന് ഛേത്രി കളത്തിലിറങ്ങിയത്. അറുപത്തഞ്ചാംമിനിട്ടില്‍ പാകിസ്ഥാന്റെ നെഞ്ചകം പിളര്‍ന്ന ഗോളിലൂടെയാണ് ഛേത്രി വരവറിയിച്ചത്.ബൂട്ടിയ ബൂട്ടഴിക്കും മുമ്പേ പുതിയ നായകന്റെ എഴുന്നള്ളത്തായിരുന്നു അത്. 2004ല്‍ അണ്ടര്‍ 19ല്‍ നായകനായി തുടങ്ങിയ ഛേത്രി രാജാവായി പടിയിറങ്ങുന്നു. മുമ്പൊരിക്കലും മറ്റൊരു ഭാരതീയ ഫുട്ബോള്‍ താരത്തിനും ലഭിക്കാത്ത യാത്രയയപ്പ്.
ലോകകപ്പ് യോഗ്യതാമത്സരത്തില്‍ സാള്ട്ട്ലേക്കില് കുവൈറ്റിനെതിരെ പൊരുതിയാണ് തല ഉയര്‍ത്തി ഛേത്രി മടങ്ങുന്നത്. ഒരു ദിവസം മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പറഞ്ഞ വാക്കുകളില്‍ ഈ ചെറിയ മനുഷ്യന്റെ വലിപ്പമുണ്ട്. ‘ജയിച്ചാല്‍ മിക്കവാറും യോഗ്യത നേടും. നാട്ടിലും പുറത്തും മികച്ച അഞ്ച് ഗെയിമുകള്‍, ടീം യാത്ര ചെയ്യുന്നിടത്തെല്ലാം നല്ല സ്യൂട്ടുമിട്ട് ഞാനും കളി കാണാന്‍ പോകും. 19 വര്‍ഷവും ടീമിനൊപ്പമായിരുന്നു സഞ്ചാരം. ഇനിയും ഒരു ആരാധകനായി അവര്‍ എവിടെ പോയാലും പിന്തുണയ്ക്കാന്‍ കൂടെയുണ്ടാവും’
പ്രതികരിക്കാൻ ഇവിടെ എഴുതുക: