തെറ്റുകള്‍ മനുഷ്യസഹജമാണ്. ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അതുതിരുത്തുകയോ വാക്കുകള്‍ മാറ്റിപ്പറയുകയോ ഒക്കെ ചെയ്യുക, അല്പമെങ്കിലും നന്മ മനസ്സില്‍ വറ്റാതെ ബാക്കി നില്ക്കുന്ന എല്ലാവരുടെയും സ്വഭാവമാണ്. ആ തരത്തില്‍ മാറാത്തവരോ സ്വന്തം വാക്കുകള്‍ തിരുത്താത്തവരോ ആയ രാഷ്ട്രീയ നേതാക്കള്‍ ഇല്ല. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ജനതാദള്‍ നേതാവായ കെ.ചന്ദ്രശേഖരന് നിയമസഭയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോ ഉയര്‍ത്തിയ ഒരു ആരോപണത്തിനു മറുപടി പറയുമ്പോള്‍ അല്പം പരുഷമായി സംസാരിച്ചു. മറുപടി പറഞ്ഞ് ഇരിപ്പിടത്തില്‍ ഇരുന്ന ചന്ദ്രശേഖരന് വീണ്ടും സ്പീക്കറുടെ അനുമതി ചോദിച്ചിട്ട് ആരുടെയും പ്രേരണയില്ലാതെ ആരും ആവശ്യപ്പെടാതെ ആ വാക്കുകള്‍ പിന്‍വലിച്ചു. അന്ന് അദ്ദേഹം പറഞ്ഞ കാരണം ഞാന്‍ അതുപറയാന്‍ പാടില്ല എന്നായിരുന്നു. സാധാരണ നിയമസഭയില്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യുന്ന വാക്കുകളുടെ അത്ര അപകടമുള്ള പ്രയോഗം ഒന്നുമല്ല ചന്ദ്രശേഖരന് അന്നു നടത്തിയത്. രാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍ പലപ്പോഴും വളരെ മോശമായ പ്രയോഗങ്ങള്‍ നേതാക്കള്‍ നടത്താറുണ്ട്. പക്ഷേ പിന്നീട് അതുപിന്വലിക്കാനോ തിരുത്താനോ ഉള്ള മാന്യതയും അന്തസ്സും കാണിക്കുന്നത് കുലീനതയുടെയും ധാര്‍മികതയുടെയും ലക്ഷണമാണ്. ആരോടും ചിരിക്കില്ലെന്ന് വിമര്‍ശനം ഉയര്‍ന്ന സിപിഎം നേതാവായിരുന്ന എം.വി.രാഘവനാണ് നിയമസഭയില്‍ കെ.കരുണാകരന് കണ്ണോത്ത് കരുണാകരന് അല്ല കരിങ്കാലി കരുണാകരന് ആണ് എന്നു പേര് വിളിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിപിഎമ്മിന്റെ ഈ ശക്തനായ നേതാവ് കെ.കരുണാകരന്റെ പാളയത്തില്‍ അഭയം തേടിയപ്പോള്‍ അന്ന് കരിങ്കാലി എന്നു വിളിച്ചതിന് പരോക്ഷമായെങ്കിലും മാപ്പ് പറഞ്ഞു. ആ തരത്തിലുള്ള ഒരു മാന്യതയും ഒരിക്കലും പ്രകടിപ്പിക്കാത്ത ഒരു നേതാവേ കേരളത്തിലുള്ളു, അത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനാണ്.
പിണറായി വിജയന്റെ ഏറ്റവും പുതിയ പരാമര്‍ശം യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്റെ മുന്‍ അധിപന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെയാണ്. ഇടതുമുന്നണിക്കേറ്റ കനത്ത തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് സാമൂഹ്യമാധ്യമത്തില്‍ മാര്‍കൂറിലോസ് ഇട്ട പോസ്റ്റാണ് മുഖ്യമന്ത്രിയുടെ പുതിയ പരാമര്‍ശത്തിന് കാരണം. പുരോഹിതന്മാരില് വിവരദോഷികള്‍ ഉണ്ട് എന്നാണ് ഈ പോസ്റ്റിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ മറുപടി. മാര്‍ കൂറിലോസ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് ശക്തമായ ഭരണവിരുദ്ധ വികാരമാണെന്ന് തുറന്നടിച്ചു. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കമില്ലായ്മ, ധൂര്‍ത്ത്, വളരെ മോശമായ പോലീസ് നയം, മാധ്യമവേട്ട, സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെ നടന്ന അഴിമതികള്‍, പെന്ഷന് മുടങ്ങിയതടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍, എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, മതസാമുദായിക സംഘടനകളെ അതിരുവിട്ടു പ്രീണിപ്പിക്കാനുള്ള ശ്രമങ്ങള്‍, വലതുവല്‍ക്കരണ നയങ്ങള്‍ തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ ഈ തോല്‍വിക്ക് നിദാനമാണ്. ബിജെപിയെക്കാള്‍ കോണ്‍ഗ്രസിനെയും ഫാസിസത്തിനെതിരെ പോരാടിയ രാഹുല്‍ ഗാന്ധിയെയും ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള ഇടതുപക്ഷ പ്രചാരണം മതേതര വിശ്വാസികളില്‍ സംശയമുണ്ടാക്കി. ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ചു രണ്ടാംസര്‍ക്കാരിന്റെ നിലവാര തകര്‍ച്ച മറ്റൊരു പ്രധാന കാരണമാണ്.
ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. രാഷ്ട്രീയവും ധൂര്‍ത്തും ഇനിയും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടികള്‍ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക. കിറ്റ് രാഷ്ട്രീയത്തില്‍ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല, പ്രത്യേകിച്ച് കേരളത്തില്‍. തിരുത്തുമെന്ന് നേതൃത്വം പറയുന്നത് സ്വാഗതാര്‍ഹമാണ്. അതുപക്ഷേ തൊലിപ്പുറത്തുള്ള തിരുത്തല്‍ ആവരുത്. രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തിലിറങ്ങണം. ഇടതുപക്ഷം ഇടത്തു തന്നെ നില്‍ക്കണം. ഇന്‍ഡിക്കേറ്റര്‍ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാല്‍ അപകടം ഉണ്ടാകും ലക്ഷ്യസ്ഥാനത്ത് എത്തുകയും ഇല്ല. ഇതാണ് മാര്‍കൂറിലോസ് സാമൂഹ്യ മാധ്യമത്തില്കുറിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കവേയാണ് ഈ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്. പ്രളയമാണ് അന്ന് സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ ഏറ്റാന്‍ ഇടയാക്കിയതെന്നും ഇനിയൊരു പ്രളയം ഉണ്ടാകും എന്ന് ധരിക്കേണ്ട എന്നും പഴയ ഒരു പുരോഹിതന് പറഞ്ഞതായി ഒരു മാധ്യമത്തില്‍ കണ്ടു. പുരോഹിതരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്. നമ്മള് ആരും വീണ്ടും ഒരു പ്രളയം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല. നേരിട്ട ദുരന്തം ശരിയായ രീതിയില്‍ അതിജീവിക്കാന്‍ നാടാകെ ജാതിമതഭേദമെന്യേ ഒറ്റക്കെട്ടായി നിന്നു. അതാണ് നാം രാജ്യത്തിനും ലോകത്തിനും നല്കിയ പാഠം എന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന വന്ന ഉടന്‍ തന്നെ മാര്‍ കൂറിലോസിന്റെ പ്രസ്താവന വ്യക്തിപരമാണെന്നും അദ്ദേഹം സഭയില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചതാണെന്നും അദ്ദേഹത്തിന്റെ നിലപാട് സഭയുടേതല്ലെന്നും വ്യക്തമാക്കി യാക്കോബായ സഭ പ്രസ്താവന ഇറക്കി.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയ എതിരാളികള്‍ക്കും പ്രതിയോഗികള്‍ക്കും എതിരെ ഉപയോഗിച്ച ഉജ്ജ്വലമായ വാക്കുകള്‍ മലയാളഭാഷയെയും സാഹിത്യത്തെയും ഒരു പുതിയ മാനത്തിലേക്ക് എത്തിക്കുന്നതാണ്. നികൃഷ്ട ജീവിപ്രയോഗം താമരശ്ശേരി ബിഷപ്പിനെതിരെ പ്രയോഗിച്ചതാണ്. വ്യാപകമായി വിമര്‍ശനമുണ്ടായിട്ടും ആ പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയന് പിന്‍വലിച്ചില്ല. അതിനുശേഷമാണ് കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രനെതിരെ പരനാറി എന്ന പ്രയോഗം മുഖ്യമന്ത്രി നടത്തിയത്. സ്വന്തം പാര്‍ട്ടിക്കാരനും പാര്‍ട്ടി സഹപ്രവര്‍ത്തകരാല്‍ വധിക്കപ്പെട്ടയാളുമായ ടി.പി.ചന്ദ്രശേഖരനെ വിശേഷിപ്പിച്ചത് കുലംകുത്തി എന്നായിരുന്നു. അതിനുശേഷമാണ് ഏറ്റവും അവസാനം വിവരദോഷി എന്ന പ്രയോഗം ഒരു മതപുരോഹിതനെതിരെ നടത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് ഇടതുപക്ഷ സഹയാത്രികനായ മാര്‍ കൂറിലോസ് പ്രതികരിച്ചില്ല. വ്യക്തിപരമായ വിമര്‍ശനങ്ങളോട് മുന്‍പും ഞാന്‍ പ്രതികരിച്ചിട്ടില്ല. ഇടതുപക്ഷമാണ് എന്റെ ഹൃദയപക്ഷം. ഞാനാരെയും വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ല. ഫേസ്ബുക്ക് പോസ്റ്റ് അവിടെത്തന്നെയുണ്ട്. പറഞ്ഞതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു ഇതാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് ശേഷം മാര്‍ കൂറിലോസ് ഇറക്കിയ പ്രസ്താവന. കൂറിലോസിന്റെ പ്രസ്താവനയെ പിന്തുണച്ച് സിപിഎം നേതാവായ അഡ്വക്കേറ്റ് പ്രകാശ്ബാബു തിരുവല്ലയില്‍ പൊതുവേദിയില്‍ രംഗത്ത് വന്നിരുന്നു.
പിണറായിയുടെ പരാമര്‍ശത്തില്‍ അമര്‍ഷം ഉയര്‍ന്നു കഴിഞ്ഞു. താടിയുള്ള അപ്പനെ പേടിയുണ്ട് എന്നുപറഞ്ഞ രീതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍. മുഹമ്മദ് നബിയുടെ തലമുടി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പ്രദര്‍ശിപ്പിച്ചത് തിരുകേശ വിവാദം എന്ന പേരില്‍ ചര്‍ച്ചയായപ്പോള്‍ അന്ന് ബോഡി വേസ്റ്റ് ആണെന്ന് പറഞ്ഞ പിണറായി പിന്നീട് മുസ്ലിങ്ങള്‍ക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. സ്വന്തം കുടുംബത്തില്‍ മുസ്ലിം കയറിപ്പറ്റിയതോടെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ദുരന്തഫലങ്ങളെ കുറിച്ചും പ്രത്യാഘാതങ്ങളെ കുറിച്ചും മുഖ്യമന്ത്രി തികച്ചും ബോധവാനാണ്. ഇടതുപക്ഷ സഹയാത്രികനും ഇടതുപക്ഷത്തിനു വേണ്ടി പരസ്യമായി വോട്ടുപിടിക്കുകയും ചെയ്യുന്ന മാര്‍ കൂറിലോസ് പറഞ്ഞ സ്വതന്ത്ര അഭിപ്രായത്തിനെതിരെ വിവരദോഷി എന്ന് വിളിച്ച മുഖ്യമന്ത്രി സമസ്തയുടെ നേതാവ് ജെഫ്രി മുത്തുക്കോയ തങ്ങളും സുപ്രഭാതം പത്രവും രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിട്ട് അത് കണ്ടതായോ അതിനെതിരെ പ്രതികരിക്കാനോ തയ്യാറായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന് അനുവര്‍ത്തിക്കുന്ന ഇസ്ലാമിക പ്രീണനമാണ് തോല്‍വിയുടെ യഥാര്‍ത്ഥ കാരണം എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുറന്നടിച്ചു. പിണറായി വിജയന് പ്രകടിപ്പിക്കുന്ന ഇരട്ടത്താപ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ചൂണ്ടിക്കാട്ടി. മുസ്ലീങ്ങളുടെ വിമര്‍ശനത്തെ സഹിഷ്ണുതയോടെയും സംയമനത്തോടെയും കാണുന്ന മുഖ്യമന്ത്രി പക്ഷേ ക്രിസ്ത്യാനികളുടെയും ഹിന്ദു നേതാക്കളുടെയും പ്രസ്താവനകള്‍ക്കെതിരെ വിഷം ചൊരിയാന്‍ കാരണം ക്രിസ്ത്യാനികളും ഹിന്ദുക്കളും സംഘടിത വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ടാണ്. ജിഫ്രി മുത്തുകോയ തങ്ങള്‍ക്കെതിരെ ഒരു വാക്ക് പരാമര്‍ശിക്കാത്ത പിണറായി മാര്‍ കൂറിലോസിനെ വിവരദോഷി എന്ന് വിളിച്ചത് വ്യക്തമാക്കുന്നത് വോട്ട് ബാങ്കിന്റെയും സംഘടിത ശക്തിയുടെയും രാഷ്ട്രീയം തന്നെയാണ്. ഇനിയെങ്കിലും ഇതു മനസ്സിലാക്കാനുള്ള ശേഷി ഉണ്ടാകേണ്ടത് കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കുമാണ്.
ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യന്‍ ദേവാലയത്തില്‍ കഴിഞ്ഞദിവസം ജിഹാദികള്‍ കയറി നമാസ് നടത്തുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇത്തരം കടന്നുകയറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കാനോ സ്വന്തം ആരാധനാലയങ്ങള്‍ വിട്ടുകൊടുക്കാതെ പ്രതിരോധിക്കാനോ കഴിയാത്ത സാഹചര്യത്തിലേക്കാണ് ക്രിസ്ത്യന്‍ സമൂഹം നീങ്ങുന്നത് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇതേ അവസ്ഥ തന്നെയാണ്. ഇതേ അവസ്ഥ ഭാരതത്തില്‍ ഉണ്ടാകാതിരിക്കാനാണ്, ഇസ്ലാമിക രാഷ്ട്രം എന്ന ലക്ഷ്യം ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. ഇനിയെങ്കിലും െ്രെകസ്തവ സഭകള്‍ ഈ പാഠം ഉള്‍ക്കൊള്ളണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: