മലപ്പുറം: ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ സര്‍വകലാശാല കാമ്പസില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയ സിപിഎമ്മിന് തിരിച്ചടിയായി സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ്. 2023 ഡിസംബര്‍ 21ന് നടന്ന സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത എട്ട് അംഗങ്ങളെ എസ്എഫ്ഐ പോലീസിന്റെ ഒത്താശയോടെ തടഞ്ഞിരുന്നു.
ആര്‍എസ്എസുകാരെ സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് അംഗങ്ങളെ തടഞ്ഞത്. പോലീസ് നോക്കി നില്‍ക്കെയാണ് മണിക്കൂറുകളോളം, പദ്മശ്രീ ജേതാവും കാഴ്ചശേഷിയില്ലാത്തയാളുമായ ബാലന് പൂതേരിയടക്കമുള്ള എട്ട് അംഗങ്ങളെ കൈയേറ്റം ചെയ്തതും സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനനുവദിക്കാതെ എസ്എഫ്ഐ കാര്‍ തടഞ്ഞുവച്ചതും.
തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാന്‍ പോലും തയാറായില്ല. തുടര്‍ന്ന് ഹൈക്കോടതിയില്‍ പരാതി നല്‍കിയതിന് ശേഷമാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയത്. എ.കെ. അനുരാജ് അടക്കമുള്ള സെനറ്റ് അംഗങ്ങളായി ഉള്‍പ്പെടുത്തിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത കൈരളി ചാനലിലെ പി.വി. കുട്ടനടക്കം ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. നിയമപരമായും ശാരീരികമായും തടയാനുള്ള ശ്രമങ്ങളെ അതിജീവിച്ചാണ് എ.കെ. അനുരാജ് സിന്‍ഡിക്കേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: