Entertainment

കാലം മറക്കാത്ത ‘സുകുമാരകല’; അനശ്വര നടന്‍ സുകുമാരന്റെ വേര്‍പാടിന് 27 വര്‍ഷം

Published by

ക്ഷുഭിത യൗവ്വനത്തിന്റെ ത്രസിപ്പിക്കുന്ന ഭാവങ്ങളിലൂടെ വെള്ളിത്തിരയില്‍ നടന വിസ്മയം തീര്‍ത്ത സുകുമാരന്റെ വേര്‍പാടിന് 27 വര്‍ഷം.

1997 ജൂണ്‍ 16 ന് 49-ാം വയസ്സിലാണ് സുകുമാരന്‍ നാട്യങ്ങളില്ലാത്ത ലേകത്തേയ്‌ക്ക് ചമയങ്ങളഴിച്ചുവച്ച് മാഞ്ഞുപോയത്. എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥ എഴുതി 1973-ല്‍ പുറത്തിങ്ങിയ ‘നിര്‍മ്മാല്യം’ എന്ന സിനിമയിലൂടെ അപ്പുവെന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയാണ് മലയാള സിനിമയില്‍ സുകുമാരന്‍ ഹരിശ്രീ കുറിച്ചത്. നിര്‍മ്മാല്യം ദേശീയ പുരസ്‌കാരം നേടുകയും, മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തതോടെ ഈ നടന്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. എന്നാല്‍, ബേബി സംവിധാനം ചെയ്ത് 1977-ല്‍ പുറത്തിറങ്ങിയ ‘ശംഖുപുഷ്പം’ എന്ന സിനിമയിലെ ഡോ. വേണു എന്ന കഥാപാത്രത്തിലൂടേയാണ് സുകുമാരന്‍ തന്റെ മേല്‍വിലാസം ഉറപ്പിച്ചത്.

കോളജ് അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച സുകുമാരന്‍, എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥ എഴുതിയ വളര്‍ത്തുമൃഗങ്ങള്‍, വാരിക്കുഴി, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, ഉത്തരം എന്നീ ചിത്രങ്ങളിലും പ്രതിഭ തെളിയിച്ചു. 1978-ല്‍ എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘ബന്ധനം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകൂടി സുകുമാരന്‍ കരസ്ഥമാക്കിയതോടെ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. നിഷേധാത്മകവും ചടുലവുമായ സംഭാഷണങ്ങളിലൂടെ മലയാള സിനിമയ്‌ക്ക് ഒരുപുതിയ പോര്‍മുഖം തുറന്ന സുകുമാരനെ തേടി മലയാള സിനിമ പിന്നീട് വട്ടമിട്ട് കറങ്ങി.

പാല സെന്റ്.തോമസ് എച്ച്എസ്എസ്, തൃശ്ശൂര്‍ എച്ച്എസ്എസ് ചര്‍ച്ച് മിഷന്‍ സൊസൈറ്റി എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സുകുമാരന്‍, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ സ്വര്‍ണ മെഡലോടേയാണ് മാസ്റ്റര്‍ ബിരുദം നേടിയത്. കോളേജ് അധ്യാപന ജോലി രാജിവച്ച് സിനിമയിലെത്തിയ സുകുമാരന്‍, ഒരു വര്‍ഷം നാല്‍പ്പത് ചിത്രങ്ങളില്‍ വരെ അഭിനയിച്ച് മലയാള സിനിമയുടെ വിരിമാറില്‍ സ്ഥാനമുറപ്പിച്ചു. 1980 ല്‍ പുറത്തിറങ്ങിയ ‘തീക്കടലില്‍’ എന്ന ചിത്രത്തില്‍ ജയില്‍ ചാടിയ വര്‍ഗ്ഗീസും, 1988-ലെ ഒരു സിബിഐ ഡയറിക്കുറിപ്പിലും, അതിന്റെ തുടര്‍ച്ചയായ ജാഗ്രതയിലും സുകുമാരന്‍ അവതരിപ്പിച്ച ഡിവൈഎസ്പി ദേവദാസ് എന്ന കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗുകളൊക്കെ യുവപ്രേക്ഷകരുടെ മനസ്സുകളില്‍ ആവേശം ജ്വലിപ്പിച്ചു. മലയാള സിനിമയില്‍ അതുവരേയോ, അതിന് ശേഷമോ മറ്റൊരു നടനും ഇതുപോലെ എത്തിചേരാനായില്ല. അതോടെ സുകുമാരനെ യുവതലമുറ താരമാക്കി വാനോളമുയര്‍ത്തി.

ചേരാത്ത വേഷങ്ങളൊന്നും സുകുമാരന്‍ ആടിയിട്ടില്ല. എന്നാല്‍ ആടിയ വേഷങ്ങളൊന്നും സുകുമാരന് ചേരാതിരുന്നിട്ടുമില്ല. സിനിമാ പ്രേക്ഷകരുടെ സങ്കല്‍പ്പങ്ങളില്‍ എന്നും സ്വപ്നമായിരുന്നു സുകുമാരന്‍. 1980-ല്‍ പുറത്തിറങ്ങുകയും, ക്യാംപസ് വരാന്തകളില്‍ നൊമ്പരമുണര്‍ത്തുകയും ചെയ്ത് പോപ്പുലര്‍ ഹിറ്റായ മോഹന്റെ സംവിധാന മികവില്‍ പിറവിയെടുത്ത ‘ശാലിനി എന്റെ കൂട്ടുകാരി’ എന്ന സിനിമയിലെ കോളജ് അധ്യാപകനായ ജയദേവനെ അവതരിപ്പിച്ച സുകുമാരന്‍, കൗമാരക്കാര്‍ക്കിടയിലും ഹീറോയായി. അതോടെ വാണിജ്യ പ്രധാനമായ ചിത്രങ്ങളിലെ വേഷങ്ങള്‍ക്കൊപ്പംതന്നെ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളും സുകുമാരനെ തേടിയെത്തി. 1980 ല്‍ പിറത്തിറങ്ങിയ ശാലിനി എന്റെ കൂട്ടുകാരിയിലെ സൗമ്യനായ കോളജ് പ്രൊഫസര്‍ ജയദേവനും, ഏറെ കുറെ അതേ സമയത്ത് പുറത്തിറങ്ങിയ ‘തീക്കടല്‍’ എന്ന ചിത്രത്തിലെ തന്റേടിയും നിഷേധിയുമായ ജയില്‍ചാടിയ വര്‍ഗ്ഗീസും തമ്മില്‍ കഥാപാത്ര ഘടനയില്‍ വലിയ അന്തരം പുലര്‍ത്തിയിട്ടും മലയാള സിനിമാ പ്രേക്ഷകര്‍ ജയദേവനേയും വര്‍ഗ്ഗീസിനേയും ഒരുപോലെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു.

പ്രണയവും വേര്‍പാടും വിരഹവും വേദനയും ഒരേ അളവില്‍ അഭ്രപാളിയില്‍ പകുത്തുനല്‍കി മലയാള സിനിമയില്‍ സുകുമാരന്‍ നിറഞ്ഞാടി. സ്വര്‍ണ്ണചാമരം വീശിയെത്തിയ സ്വപ്നം ബാക്കിവച്ചായിരുന്നു സുകുമാരന്റെ മടക്കയാത്ര. 250 ഓളം ചിത്രങ്ങളില്‍ മിന്നിത്തിളങ്ങിയ സുകുമാരന്‍, ഇരകള്‍ (1985), പടയണി (1986) എന്നീ രണ്ട് സിനിമകളുടെ നിര്‍മ്മാതാവിന്റെ മേലങ്കി അണിഞ്ഞെങ്കിലും, രണ്ടുചിത്രങ്ങളും വാണിജ്യ മേഖലയില്‍ കാര്യമായ ഫലം കൊയ്തില്ല. അങ്ങാടി, അവളുടെ രാവുകള്‍, അഗ്നിശരം, ആക്രമണം, തീക്കടല്‍, കോളിളക്കം, ചാകര, മനസാ വാചാ കര്‍മ്മണാ, സ്ഫോടനം, കഴുകന്‍, പൊന്നും പൂവും, ശാലിനി എന്റെ കൂട്ടുകാരി, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്നീ സിനിമകളിലെ സുകുമാരന്റെ പ്രകടനത്തെ പ്രേക്ഷകര്‍ അക്കാലത്ത് ആഘോഷമാക്കി.

സുകുമാരന്‍ അവതരിപ്പിച്ച ‘ന്യായവിധി’യിലെ മാക്ക് ഫോഴ്സ് സായിപ്പ്, വിറ്റ്‌നസിലെ സിഐ തോമസ് മാത്യു, കാര്‍ണിവലിലെ ചന്ദ്രപ്പന്‍ഭായ്, ആവനാഴിയിലെ വക്കീല്‍, കോട്ടയം കുഞ്ഞച്ചനിലെ കോര, ഉത്സവപ്പിറ്റേന്നിലെ ഏട്ടന്‍ തമ്പുരാന്‍, ഓഗസ്റ്റ് ഒന്നിലെ മുഖ്യമന്ത്രി, അണിയാത്ത വളകളിലെ കോളജ് കുമാരന്‍, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളിലെ രാജഗോപാല്‍ തുടങ്ങിയ വേഷങ്ങള്‍ തങ്കത്തിളക്കമുള്ള കഥാപാത്രങ്ങളായിരുന്നു. നിര്‍മ്മാല്ല്യത്തിലെ അപ്പുവെന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച സുകുമാരന്‍, വംശമെന്ന ചിത്രത്തിലെ കുരിശിങ്കല്‍ വക്കച്ചനിലൂടെ കലാശം കുറിച്ചപ്പോള്‍, 24 വര്‍ഷം മലയാള സിനിമയ്‌ക്ക് ഓര്‍മ്മയുടെ മണിച്ചെപ്പില്‍ സൂക്ഷിയ്‌ക്കാന്‍ സമ്മാനിച്ചത് 250 ഓളം കരുത്തുറ്റ കഥാപാത്രങ്ങളെയാണ്.

സുകുമാരന് പകരംവയ്‌ക്കാന്‍ സുകുമാരനല്ലാതെ മറ്റൊരു നടന്‍ പിന്നീട് മലയാള സിനിമയില്‍ ജന്മമെടുത്തില്ല. എണ്ണമറ്റ ചിത്രങ്ങള്‍ക്ക് ഭാവപ്പകര്‍ച്ച സമ്മാനിച്ച് സുകുമാരന്‍, മനുഷ്യ ഗന്ധമുള്ള സിനിമകളും കഥാപാത്രങ്ങളും ബാക്കിയാക്കിയാണ് മരണത്തിലേക്ക് മാഞ്ഞുപോയത്. സുകുമാരന്റെ ശൈലി അനുകരിച്ച് അഭിനയം കാഴ്‌ച്ചവച്ച് സൂപ്പര്‍ താരങ്ങളായവരുണ്ടെങ്കിലും ഇന്നും ആ സ്വര്‍ണ്ണ സിംഹാസനം ശൂന്യമായി തന്നെ കിടക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by