ന്യൂദല്‍ഹി: 700 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കടത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏഴ് പ്രതികള്‍ക്കു കൂടി കുറ്റപത്രം സമര്‍പ്പിച്ചു. ദല്‍ഹിയിലെ പ്രത്യേക കോടതിയില്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരമാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.
അത്തര്‍ സയീദ്, അമൃത്പാല്‍ സിങ്, അവതാര്‍ സിങ്, ഹര്‍വീന്ദര്‍ സിങ്, തഹ്സീം, ദീപക് ഖുറാന, അഹമ്മദ് ഫരീദ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. ഏഴ് പ്രതികളും അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ ഗൂഢാലോചനയിലെ പ്രധാന കണ്ണികളാണെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
ഭാരതത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിലും രാജ്യത്തുടനീളമുള്ള വിവിധ വിതരണക്കാര്‍ക്ക് എത്തിക്കുന്നതിലും ഇവര്‍ പങ്കാളികളാണ്. മയക്കുമരുന്ന് കടത്തില്‍ നിന്നുള്ള വരുമാനം വിദേശത്തുള്ള പ്രധാന പ്രതികള്‍ക്ക് കൈമാറുകയാണ് രീതി. നാല് പ്രതികള്‍ക്കെതിരെ എന്‍ഐഎ നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു.
2022 ഏപ്രിലില്‍, അമൃത്സറിലെ അട്ടാരി ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റുകളില്‍ രണ്ട് തവണയായാണ് 102.784 കിലോ ഹെറോയിന്‍ കസ്റ്റംസ് പിടിച്ചെടുത്തത്. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഖാസി അബ്ദുള്‍ വദൂദിന്റെ നിര്‍ദേശപ്രകാരം അഫ്ഗാനിസ്ഥാന് സ്വദേശി നസീര്‍ അഹമ്മദ് ഖാനിയാണ് മയക്കുമരുന്ന് കടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനായി റാസി ഹൈദര്‍ സെയ്ദി എന്നയാളിന് കൈമാറാനായിരുന്നു പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: