ബിര്‍ഭും (ബംഗാള്‍): ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗാളിലെ ബിര്‍ഭും ജില്ലയിലാരംഭിച്ച തൃണമൂല്‍ അക്രമത്തിന് ശമനമില്ല. നൂറിലേറെ ബിജെപി പ്രവര്‍ത്തകരുടെ വീടുകളാണ് അക്രമികള്‍ തകര്‍ത്തത്.
കഴിഞ്ഞ മൂന്ന് ദിവസമായി തൃണമൂല്‍ ഗുണ്ടകള്‍ വീടുകളും കടകളും അടക്കം ഇരുനൂറിലധികം കെട്ടിടങ്ങളാണ് തകര്‍ത്തതെന്ന് ബിജെപി കുച്ച്ബിഹാര്‍ ജില്ലാ പ്രസിഡന്റ് സുകുമാര്‍ റോയി പറഞ്ഞു. നാല് പാര്‍ട്ടി ഓഫീസുകളും അക്രമികള്‍ അഗ്നിക്കിയാക്കി. പോലീസുകാര്‍ തൃണമൂലിന്റെ ഗുണ്ടകളായി മാറിയിരിക്കുന്നു. അക്രമത്തിന് ഇരകളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്കുന്ന പരാതികള്‍ സ്വീകരിക്കാന്‍ പോലും പോലീസ് തയാറാകുന്നില്ല, അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാത്രിയോടെയാണ് കുച്ച്ബിഹാറില്‍ അക്രമം ആരംഭിച്ചത്. ബിജെപി പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും തെരഞ്ഞുപിടിച്ച് നശിപ്പിക്കുകയായിരുന്നു. പോലീസ് നോക്കിനില്‍ക്കെയാണ് അക്രമങ്ങള്‍ അരങ്ങേറിയത്. കുച്ച്ബിഹാറിലെ വിശ്വസിംഗറോഡില്‍ ഇരുപത് വര്‍ഷമായി നടന്നുവന്നിരുന്ന കച്ചവടസ്ഥാപനം പൂര്‍ണമായി നശിപ്പിച്ചെന്ന് സ്ഥാപന ഉടമ രാജു സര്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 31 ലക്ഷം രൂപയിലധികം വിലവരുന്ന സാധനങ്ങളത്രയും അക്രമികള്‍ കൊള്ളയടിച്ചു. ലാല്‍ദിഗി തടാകക്കരയിലെ പന്ത്രണ്ടോളം തട്ടുകടകള്‍ അക്രമികള്‍ പൂര്‍ണാമായും തീവച്ച് നശിപ്പിച്ചു. കുച്ച്ബിഹാറില്‍ ജയിച്ച തൃണമൂല്‍ എംപി ജഗദീശ് ചന്ദ്രബര്‍മ ബസുനിയയുടെ നേതൃത്വത്തിലാണ് ഇവിടെ അക്രമികള്‍ അഴിഞ്ഞാടിയത്.
ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാറിനോട് ബലര്‍ഘട്ടില്‍ മത്സരിച്ച് തോറ്റ തൃണമൂല്‍ നേതാവ് ബിപ്ലബ് മിത്രയുടെ സ്വന്തം നാടായ ഗംഗാറാംപൂരിലും വലിയ അക്രമമാണ് നടന്നത്. ആശുപത്രികളും മെഡിക്കല്‍ സ്റ്റോറുകളും അടക്കം ഇവിടെ അക്രമിക്കപ്പെട്ടു. ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരിലാണ് തന്റെ ഒപ്ടിക്കല്‍ ഷോപ്പ് ആറംഗ തൃണമൂല്‍ സംഘം തകര്‍ത്തതെന്ന് സ്ഥാപന ഉടമ സൗമ കാന്തി ആദ്യ പറഞ്ഞു. ഗംഗാറാംപൂരില്‍ സുകാന്ത മജുംദാറിന് 4500 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇതില്‍ വെറി പിടിച്ചാണ് പ്രദേശത്താകെ ബിപ്ലബ് മിത്രയുടെ ഗുണ്ടകള്‍ അഴിഞ്ഞാടിയതെന്ന് സ്ഥലം എംഎല്‍എയും ബിജെപി നേതാവുമായ സത്യേന്‍ റോയ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: