ആലപ്പുഴ: യാക്കോബായ സഭ നിരണം മുന്‍ ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്ഥാനത്തിരിക്കുമ്പോള്‍ ആ പദവിക്ക് നിരക്കുന്ന രീതിയില്‍ സംസാരിക്കുന്നതാണ് അഭികാമ്യം. അതാണ് എപ്പോഴും നല്ലതെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
പിണറായിക്ക് പറയാം, മുഖ്യമന്ത്രി പറയുമ്പോള്‍ കരുതല്‍ വേണം. തകഴിയുടെ ശൈലിയില്‍ സംസാരിക്കാന്‍ പിണറായിക്കാവില്ല. ചെത്തുകാരന്റെ മകനാണ്, സാധാരണക്കാരന്റെ ഭാഷയാണ് പിണറായിയുടേതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് അഭിമാനിക്കാവുന്ന നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ആലപ്പുഴ എല്‍ഡിഎഫ് തോല്‍ക്കാന്‍ പാടില്ലാത്ത സീറ്റാണ്. എങ്ങനെ തോറ്റു എന്ന് അവര്‍ ചിന്തിക്കണം.
ആരിഫിനെ മത്സരിപ്പിക്കരുതെന്ന് പറഞ്ഞതാണ്. പാര്‍ട്ടി അണികള്‍ക്ക് ആരിഫിനെ സ്വീകാര്യമല്ലായിരുന്നു. മുകളില്‍ ആരിഫിന് സ്വാധീനം കാണും പക്ഷെ താഴെയില്ല. ഈഴവരാദി പിന്നാക്കക്കാരുടെ വോട്ടുകള്‍ ഇടതിന് നഷ്ടപ്പെട്ടു. ഇടതിന്റെ ജനകീയ അടിത്തറ ഈഴവരാദി പിന്നാക്കങ്ങളാണ്. പാര്‍ട്ടിയില്‍ പിന്നാക്കക്കാരന് അവഗണനയാണ്. ന്യൂനപക്ഷമാണെങ്കില്‍ ഉടന്‍ എല്‍സി സെക്രട്ടറിയും എംഎല്‍എയുമാണ്. ആലപ്പുഴയില്‍ പോലും ഈഴവര്‍ക്ക് പാര്‍ട്ടിയില്‍ പരിഗണനയില്ല. ഇവിടെ ഇല്ലെങ്കില്‍ എവിടെയാണ് ലഭിക്കുകയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
മുസ്ലിം പ്രീണനമാണ് നടന്നത്. മുസ്ലിം പ്രീണനം കൂടിയപ്പോള്‍ ക്രിസ്ത്യാനികളും പോയി. വോട്ട് വന്നപ്പോള്‍ കാന്തപുരം പോലും ഇടതുപക്ഷത്തില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക പാക്കേജുണ്ടോ? ഉള്ളവര്‍ക്ക് പിന്നെയും പിന്നെയും കൊടുക്കുന്നു. ഇല്ലാത്തവര്‍ക്ക് ഒന്നുമില്ല. ക്ഷേമ പെന്‍ഷനില്ല, മാവേലി സ്റ്റോറില്‍ സാധനങ്ങളില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: