പാലക്കാട്: ഒരുവിഭാഗം ലോക്കോ പൈലറ്റുമാര്‍ നടത്തുന്ന സമരം നിയമ വിരുദ്ധമാണെന്നും ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായും റെയില്‍വെ അധികൃതര്‍ അറിയിച്ചു. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ ചെറിയ സാന്നിധ്യമുളള സംഘടനയാണ് സമരത്തില്‍ ജോലി സമയം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്.
പാലക്കാട് ഡിവിഷനില്‍ റണ്ണിങ് സ്റ്റാഫിന് നിബന്ധന പ്രകാരമുള്ള സമയത്തിലും വളരെ കുറഞ്ഞ സമയം മാത്രമാണ് ജോലി ചെയ്യേണ്ടിവരുന്നത്. ഒരു മാസത്തില്‍ തുടര്‍ച്ചയായ 22 മണിക്കൂറില്‍ കുറയാത്ത 5 ഘട്ടമോ 30 മണിക്കൂറില്‍ കുറയാത്ത നാലുഘട്ടമോ വിശ്രമം അനുവദിക്കുന്നുണ്ട്. 46 മണിക്കൂര്‍ വിശ്രമം നിര്‍ബന്ധിതമായി നടപ്പിലാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത് നിലവിലുള്ള വ്യവസ്ഥയ്ക്ക് വിരുദ്ധമാണ്.
പാലക്കാട് ഡിവിഷനില്‍ 2024 മെയ് മാസത്തെ കണക്കനുസരിച്ച് ലോക്കോ പൈലറ്റുമാര്‍ക്ക് ദിവസത്തില്‍ 6 മണിക്കൂര്‍ മാത്രമാണ് ജോലി ചെയ്യേണ്ടിവരുന്നതെന്നും ഇത് 14 ദിവസത്തില്‍ 104 മണിക്കൂര്‍ ജോലി എന്ന നിബന്ധനയിലും വളരെ കുറഞ്ഞ സമയമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു. പാലക്കാട് ഡിവിഷനില്‍ ഒരു കാരണവശാലും റണ്ണിങ് സ്റ്റാഫ് 10 മണിക്കൂര്‍ റണ്ണിങ് ഡ്യൂട്ടിക്ക് അപ്പുറം ജോലി ചെയ്യേണ്ടതില്ല. സൈന്‍ ഓഫ് സമയം 12 മണിക്കൂറില്‍ കൂടുന്നതൊഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിരീക്ഷണം നടത്തുന്നുമുണ്ട്.
240 ലോക്കോ പൈലറ്റുമാരില്‍ 47 പേര് മാത്രമാണ് പാലക്കാട്, തിരുവനന്തപുരം ഡിവിഷനിലെ അംഗീകൃതമല്ലാത്ത എഐഎല്ആര്എസ്എയുടെ ബാനറില്‍ പണിമുടക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: