ന്യൂദൽഹി: ഈനാട് മീഡിയ ഗ്രൂപ്പ് ചെയർമാനും റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനുമായ റാമോജി റാവുവിന്റെ നിര്യാണത്തിൽ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പത്രപ്രവർത്തനത്തിനും സിനിമാ വ്യവസായത്തിനും റാമോജി റാവുവിന്റെ സംഭാവനകൾ എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ മോദി പറഞ്ഞു.
“ഇന്ത്യൻ മാധ്യമങ്ങളിൽ വിപ്ലവം സൃഷ്ടിച്ച ഒരു ദീർഘദർശിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സമ്പന്നമായ സംഭാവനകൾ പത്രപ്രവർത്തനത്തിലും ചലച്ചിത്രലോകത്തും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. തന്റെ ശ്രദ്ധേയമായ ശ്രമങ്ങളിലൂടെ, മാധ്യമങ്ങളിലും വിനോദ ലോകത്തും നവീകരണത്തിനും മികവിനും അദ്ദേഹം പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചു, ”- അദ്ദേഹം പോസ്റ്റിൽ പരാമർശിച്ചു.
‘ഇന്ത്യയുടെ വികസനത്തിൽ റാമോജി റാവു ഗാരു അതീവ തത്പരനായിരുന്നു. അദ്ദേഹവുമായി ഇടപഴകാനും അദ്ദേഹത്തിന്റെ ജ്ഞാനത്തിൽ നിന്ന് പ്രയോജനം നേടാനും നിരവധി അവസരങ്ങൾ ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. ഈ പ്രയാസകരമായ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എണ്ണമറ്റ ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി,”- അദ്ദേഹം കൂട്ടിച്ചേർത്തു.
തെലുങ്ക് ദേശം പാർട്ടി നേതാവ് എൻ ചന്ദ്രബാബു നായിഡുവും റാവുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
“ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് അസാമാന്യ നേട്ടങ്ങൾ കൈവരിച്ച രാമോജി റാവുവിന്റെ മരണം വലിയ ദുഃഖം ഉണ്ടാക്കി. ഒരു അക്ഷര യോദ്ധ എന്ന നിലയിൽ, തെലുങ്ക് സംസ്ഥാനങ്ങൾക്കും രാജ്യത്തിനും റാമോജി നിരവധി സേവനങ്ങൾ ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം തെലുങ്ക് ജനതയ്‌ക്ക് മാത്രമല്ല, രാജ്യത്തിനും തീരാനഷ്ടമാണ്. സമൂഹത്തിന്റെ ക്ഷേമത്തിനായി അക്ഷീണം പ്രയത്നിച്ച അദ്ദേഹത്തിന്റെ പ്രശസ്തി ശാശ്വതമാണ്, – ”എക്‌സിലെ ഒരു പോസ്റ്റിൽ നായിഡു പറഞ്ഞു.
ടിഡിപി ജനറൽ സെക്രട്ടറിയും നായിഡുവിന്റെ മകനുമായ നാരാ ലോകേഷും റാവുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. തെലങ്കാനയിലെ ഹൈദരാബാദിലെ സ്റ്റാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയാണ് റാവു മരിച്ചത്. അദ്ദേഹത്തിന് 87 വയസ്സായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: