ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡി സഖ്യത്തിനേറ്റ തോല്‍വി അഭിമുഖീകരിക്കാന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങളുമായി വരുന്നതെന്ന് ബിജെപി നേതാവ് പീയൂഷ് ഗോയല്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്നു രാഹുല്‍ കര കയറിയിട്ടില്ല, ഇപ്പോള്‍ ഓഹരി വിപണി നിക്ഷേപകരെ കബളിപ്പിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി ദേശീയ ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ ഭാരതം ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായെന്ന് പിയൂഷ് ഗോയല്‍ വ്യക്തമാക്കി. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണിതെന്ന് ലോകം മുഴുവന്‍ അംഗീകരിക്കുന്നു. ഇക്കാലയളവില്‍ ഭാരതം മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്ന് പ്രധാനമന്ത്രി മോദി രാജ്യത്തിന് ഉറപ്പുനല്കിയിട്ടുണ്ട്. ബിജെപി സര്‍ക്കാരിന്റെ കീഴില്‍ ഓഹരി വിപണി ശക്തമായ വളര്‍ച്ചയാണ് കൈവരിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 67 ലക്ഷം കോടി രൂപയായിരുന്ന ഭാരതത്തിന്റെ വിപണി മൂലധനം 415 ലക്ഷം കോടിയായി ഉയര്‍ന്നു.
ആഭ്യന്തര, റീട്ടെയില്‍ നിക്ഷേപകര്‍ക്കാണ് ഇതുകൊണ്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായത്. മോദി സര്‍ക്കാരിനു കീഴില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപണി മൂലധനം നാലു മടങ്ങു വര്‍ധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പു ഫലത്തിനു മുന്നോടിയായി ഓഹരി വിപണിയില്‍ കുതിച്ചുചാട്ടത്തിനു കാരണമായത് പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും നടത്തിയ അഭിപ്രായ പ്രകടനങ്ങളാണെന്നും വോട്ടെണ്ണലിനുശേഷം ഓഹരി വിപണി തകര്‍ന്നെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. ഇതേക്കുറിച്ച് ജെപിസി അന്വേഷണം വേണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: