കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ്സര്‍ജന്‍ കോട്ടയം മുട്ടുച്ചിറ നമ്പിച്ചിറക്കാലായില്‍ ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസിലെ പ്രതി കുടവട്ടൂര്‍ ശ്രീനിലയത്തില്‍ സന്ദീപിനെ കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെ ഹാജരാക്കി.
എന്നാല്‍, പ്രതിയുടെ വിടുതല്‍ ഹര്‍ജി തള്ളിയ ഉത്തരവിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് ഹാജരാക്കാന്‍ സാവകാശം നല്‍കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് കോടതി പ്രതിയെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് മാറ്റിവച്ചു.
എന്നാല്‍ കേസിന്റെ വിചാരണ നടപടി ഏതു സമയത്തും ആരംഭിക്കാന്‍ പ്രോസിക്യൂഷന് തയാറാണെന്നും നിലവില്‍ സ്റ്റേ ഉത്തരവ് ഇല്ലാത്ത സാഹചരൃത്തില്‍ പ്രതിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് കാലതാമസമുണ്ടാകരുതെന്നൂം പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിയെ ജൂണ്‍ 14ന് നേരിട്ട് ഹാജരാക്കുവാന്‍ കോടതി ഉത്തരവിട്ടു.
പ്രതിക്കെതിരെ കൊലപാതകം, വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിക്കുക തുടങ്ങിയവ ഉള്‍പ്പെടെ പ്രോസിക്യൂഷന് ആരോപിച്ച എല്ലാ കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. 2023 മെയ് പത്തിനാണ് വന്ദനദാസ് കൊല്ലപ്പെട്ടത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.
അതേസമയം കുറ്റബോധമുണ്ടെന്ന തുറന്നുപറച്ചിലുമായി ഡോ. വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് പ്രതികരിച്ചത്. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനായി പ്രതിയെ ഇന്നലെ കൊല്ലം അഡീ. സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെ ഹാജരാക്കിയിരുന്നു.
കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത് 14 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് കോടതിയില്‍ നിന്ന് പോലിസുകാര്‍ക്കൊപ്പം പുറത്തേക്കു വരവെയാണ് പ്രതികരണം. വന്ദനയുടെ കുടുംബത്തോട് മാപ്പുചോദിക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സന്ദീപ് നിശബ്ദത പാലിച്ചു. സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞ് ആദ്യമാണ് സന്ദീപിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഒരു പ്രതികരണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: