പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സെമിയില്‍ കടുത്ത പോരാട്ടത്തിനൊരുങ്ങി കാര്‍ലോസ് അല്‍കാരസും യാനിക് സിന്നറും. ക്വാര്‍ട്ടറില്‍ ഒമ്പതാം സീഡ് താരം സ്റ്റെഫാനോസ് സിറ്റ്സിപ്പാസിന്റെ കുതിപ്പിന് തടയിട്ടാണ് അല്‍കാരസ് സെമിയിലേക്ക് കുതിച്ചത്. നിലവിലെ ജേതാവും ഒന്നാം സീഡ് താരവുമായ നോവാക് ദ്യോക്കോവിച് പിന്മാറിയതോടെ ഇത്തവണ പുരുഷ സിംഗിള്‍സില്‍ പുതിയ ജേതാവായിരിക്കും പിറക്കുക. വമ്പന്‍ പോരില്‍ ജയിക്കുന്ന സിന്നര്‍-അല്‍കാരസ് സെമി ജേതാക്കളായിരിക്കും മിക്കവാറും കിരീടം നേടുകയെന്നാണ് വിലയിരുത്തല്‍.
പത്താം സീഡ് താരം ഗ്രിഗറി ദിമിത്രോവിനെ തോല്‍പ്പിച്ചാണ് യാനിക് സിന്നര്‍ സെമിയില്‍ പ്രവേശിച്ചിരിക്കുന്നത്. നേരിട്ടുള്ള സെറ്റിന് ജയിച്ച മത്സരത്തിന്റെ മൂന്നാം സെറ്റ് ടൈബ്രേക്കറിലൂടെയാണ് നിര്‍ണയിക്കപ്പെട്ടത്. സ്കോര്‍ 6-2, 6-4, 7-6(7-3)നായിരുന്നു ടൂര്‍ണമെന്റിലെ മൂന്നാം സീഡ് താരമായ സിന്നറിന്റെ മുന്നേറ്റം.
സമാന പ്രകടനം കാഴ്ച്ചവച്ചാണ് മൂന്നാം സീഡ് താരം അല്‍കാരസ് ഒമ്പതാം സീഡായി ഇറങ്ങിയ സിറ്റ്സിപ്പാസിനെ തോല്‍പ്പിച്ചത്. സ്കോര്‍ 6-3, 7-6(7-3), 6-4ന് നേരിട്ടുള്ള സെറ്റ് വിജയത്തോടെ സ്പാനിഷ് താരം അല്‍കാരസ് സെമിയിലേക്ക് കുതിച്ചു.
കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്നാണ് ക്വാര്‍ട്ടറിലെത്തിയ ദ്യോക്കോവിച്ച് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്. കാസ്പര്‍ റൂഡിനെതിരായ ക്വാര്‍ട്ടര്‍ മത്സരം ഇന്നലെ നടക്കാനിരിക്കെയായിരുന്നു താരത്തിന്റെ പിന്മാറ്റം. ഇതോടെ കാസ്പര്‍ റൂഡിന് സെമിയിലേക്ക് വാക്കോവര്‍ ലഭിച്ചു.
നാളെയാണ് സ്പാനിഷ് താരം അല്‍കാരസും ഇറ്റലിത്താരം സിന്നറും തമ്മിലുള്ള സെമി പോരാട്ടം. നിലവില്‍ ലോക രണ്ടാം നമ്പര്‍ താരമായ സിന്നര്‍ ദ്യോക്കോവിച്ചിന്റെ പിന്മാറ്റത്തോടെ ടെന്നിസ് ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരുമെന്ന് ഉറപ്പായി. തിങ്കളാഴ്ച്ചയായിരിക്കും പുതിയ റാങ്ക് പ്രസിദ്ധപ്പെടുത്തുക. ഇരുവരും തമ്മിലുള്ള സെമി പോരാട്ടം ഫൈനലിന് സമാനമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: