കൊച്ചി: ക്രൈസ്തവ സമൂഹത്തോടുള്ള കേരളത്തിലെ ഭരണകര്‍ത്താക്കളുടെ അവഗണനക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സിറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പണം ധൂര്‍ത്തടിച്ച് വന്‍ ജനപങ്കാളിത്തത്തോടെ നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഇടതുപക്ഷം നടത്തിയ നവകേരള സദസ് രാഷ്ട്രീയ നേട്ടങ്ങള്‍ക്കപ്പുറം രാഷ്ട്രീയ എതിരാളികളെ സ്വന്തം അണികളെക്കൊണ്ട് അടിച്ചൊതുക്കുന്ന പരിപാടിയാക്കിയതും കേരള ജനതയില്‍ അവമതിപ്പുണ്ടാക്കി. വിലക്കയറ്റം, തൊഴിലില്ലായ്മ, പാര്‍ട്ടിക്കാരുടെ ആക്രമണങ്ങള്‍, അഴിമതി, അഹങ്കാരം എന്നിവയെല്ലാം സര്‍ക്കാരിനെതിരെ വലിയ ജനവികാരം ഉണ്ടാക്കിയിട്ടുണ്ട്. ക്രമസമാധാന തകര്‍ച്ച, ഗുണ്ടാ വിളയാട്ടം, പോലീസിന്റെ മാഫിയാബന്ധം തുടങ്ങിവയും സര്‍ക്കാരിന് ഉണ്ടാക്കിയ കളങ്കം വലുതാണ്. ക്രൈസ്തവ സമുദായത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത കഴിഞ്ഞ കുറച്ച് കാലമായി കേരളീയ സമൂഹത്തില്‍ പ്രകടമായിരുന്നു.
മലയോരമേഖലയില്‍ ക്രൈസ്തവരടക്കമുള്ള എല്ലാവരും നേരിടുന്ന വന്യമൃഗ ഭീഷണിയും, ക്ഷേമ പെന്ഷന് മുടക്കം, സപ്ലൈകോ തകര്‍ച്ച, അഴിമതി ആരോപണങ്ങള്‍, കരുവന്നൂര്‍ ഉള്‍പ്പെടെ കേരളത്തിലെ സഹകരണ രംഗത്തെ അവിഹിത ഇടപെടലുകള്‍, ശമ്പള മുടക്കം, കെഎസ്ആര്‍ടിസി തകര്‍ച്ച എന്നിവയെല്ലാം സര്‍ക്കാരിനെതിരായ വിധിയെഴുത്തിനു കാരണമായിട്ടുണ്ട്. തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥി ന്യൂനപക്ഷങ്ങളെ ബഹുമാനിക്കുന്നതു കൊണ്ടാണ് വിജയിച്ചത്. തുടര്‍ച്ചയായ പരാജയങ്ങള്‍ വകവയ്ക്കാതെ തൃശ്ശൂരില്‍ ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുകയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ബഹുമാനിക്കുകയും ചെയ്ത നേതാവായ സുരേഷ് ഗോപിയുടെ വിജയം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: