ഓസ്ലോ: തുടര്‍ച്ചയായ ജയങ്ങളിലൂടെ ഒന്നാം സ്ഥാനം എത്തിപ്പിടിച്ച് മുന്നോട്ട് കുതിക്കുകയായിരുന്ന ഉക്രൈന്റെ അന്ന മ്യൂസിചുകിനെ പിടിച്ചgകെട്ടി ആര്.വൈശാലി. ഈ ജയത്തോടെ പ്രജ്ഞാനന്ദയുടെ ചേച്ചി ആര്. വൈശാലി നോര്‍വ്വെ ചെസ്സില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ക്ലാസിക്കല്‍ ഗെയിമില്‍ സമനിലയില്‍ പിരിഞ്ഞ ഇരുവരും ആര്‍മഗെഡ്ഡോണില്‍ ഏറ്റുമുട്ടിയപ്പോഴാണ് വൈശാലി വിജയം കൊയ്തത്.
കഴിഞ്ഞ രണ്ട് ക്ലാസിക്കല്‍ ഗെയിമുകളില്‍ തോറ്റ് ഒന്നാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് വീണുപോയ വൈശാലി എട്ടാം റൗണ്ടിലെ പോരാട്ടത്തിലൂടെ വീണ്ടും വിജയപാതയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. 11.5 പോയിന്റോടെ വൈശാലി ഇപ്പോള്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഒന്നാം സ്ഥാനത്ത് നിലനിന്നിരുന്ന അന്ന മ്യൂസിചുക് ഇപ്പോള്‍ 13 പോയിന്റോടെ രണ്ടാം സ്ഥാനത്തായി.
ലോകചാമ്പ്യനായ ചൈനയുടെ വെഞ്ചുന്‍ ജു സ്വീഡനിലെ പിയ ക്രാംലിങ്ങിനെ ക്ലാസിക്കല്‍ ഗെയിമില്‍ അട്ടിമറിച്ചതോടെ മൂന്ന് പോയിന്റ് കൂട്ടിച്ചേര്‍ത്ത് 14.5 പോയിന്റോടെ ഇപ്പോള്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
ചൈനയുടെ ലെയ് ടിംഗ്ജി ഇന്ത്യയുടെ കൊനേരു ഹംപിയെ ക്ലാസിക്കല്‍ ഗെയിമില്‍ തോല്പിച്ചത് ഹംപിയുടെ കുതിപ്പിന് തടസ്സമായി. മൂന്ന് പോയിന്റ് നേടിയ ലെയ് ടിംഗ്ജി ഇതോടെ 11.5 പോയിന്റോടെ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കൊനേരു ഹംപി അഞ്ചാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: