ആലപ്പുഴ: മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ട് ഗണ്യമായി വര്‍ധിപ്പിക്കുന്ന ചരിത്രം ആലപ്പുഴയിലും ആവര്‍ത്തിച്ച് ശോഭാ സുരേന്ദ്രന്. 2,99,648 വോട്ടുകളാണ് ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന് നേടിയത്. 2019നേക്കാള്‍ 1,11, 919 വോട്ടുകളുടെ വര്‍ധനവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഡോ. കെ.എസ്. രാധാകൃഷ്ണന് 1,87,729 വോട്ടുകളാണ് നേടിയത്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവിഭാഗം ജനങ്ങളുടെയും വോട്ട് നേടാന്‍ ശോഭാ സുരേന്ദ്രന് സാധിച്ചു.
രാഷ്ട്രീയ എതിരാളികളുടെയും, ചില കുപ്രസിദ്ധരുടെയും കുപ്രചാരണങ്ങളും അതിജീവിച്ചാണ് ശോഭാ സുരേന്ദ്രന് മുന്നേറ്റം നടത്തിയത്. ചില ശക്തികള്‍ എന്‍ഡിഎയുടെ മുന്നേറ്റം തടയാന്‍ വന്‍തോതില്‍ പണം പോലും ഇറക്കിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇടതുപക്ഷത്തിന്റെ കുത്തക വോട്ടുകളിലും യുഡിഎഫിന്റെ പരമ്പരാഗത സ്വാധീനമേഖലയിലും കടന്നു കയറി.
എല്ലാ നിയോജക മണ്ഡലങ്ങളിലും വോട്ട് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ ശോഭാ സുരേന്ദ്രന് അനുകൂലമായി തരംഗത്തിന് സമാനമായി വോട്ടുകളുടെ വര്‍ധനവുണ്ടായി. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ഇരുമുന്നണികളെയും പിന്നിലാക്കാനും ശോഭയ്ക്ക് സാധിച്ചു.
എന്‍ഡിഎയുടെയും ബിജെപിയുടെയും സംഘടനാശേഷിയും, ശോഭാ സുരേന്ദ്രന്റെ വ്യക്തിപ്രഭാവവും, കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങളുമാണ് ഇത്ര വലിയ കുതിപ്പ് എന്‍ഡിഎയ്ക്ക് ആലപ്പുഴയില്‍ സാധ്യമായത്. ജനങ്ങളുടെ സ്നേഹവും, വിശ്വാസവും നേടിയെടുക്കാന്‍ സാധിച്ചതു കൊണ്ടാണ് ഇത്രയും വലിയ തോതില്‍ വോട്ട് നോടാന്‍ കഴിഞ്ഞതെന്ന് ശോഭാ സുരേന്ദ്രന് പ്രതികരിച്ചു.
അവരുടെ വിശ്വാസം കാത്തുകൊണ്ട് സജീവമായി പൊതുപ്രവര്‍ത്തന രംഗത്തുണ്ടാകുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: