പാലക്കാട്: ആലത്തൂര്‍ ലോകസഭാ മണ്ഡലത്തില്‍ ഇരുമുന്നണികളെയും ഞെട്ടിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. ടി.എന്‍. സരസു. 1,86,441 വോട്ടാണ് സരസുവിന് ലഭിച്ചത്. 2019ല്‍ ലഭിച്ചതിനേക്കാള്‍ ഒരുലക്ഷത്തിലധികം വോട്ടാണ് കൂടുതലായി നേടിയത്. 2019ല്‍ ബിഡിജെഎസിന്റെ ടി.വി. ബാബുവിന് ലഭിച്ചത് 89,837 വോട്ടാണ്.
എന്നാലിത്തവണ ഇരട്ടിയിലധികമായി ഉയര്‍ന്നു.
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍, തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട ആലത്തൂരില്‍ മിന്നുന്ന പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ പ്രചരണം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ട ശേഷമാണ് ഏറ്റവുമൊടുവില്‍ സരസു സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയത്. എന്നിട്ടും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ ജനമനസില്‍ ഇടം നേടിയെന്നതിന് തെളിവാണ് കഴിഞ്ഞതവണത്തേക്കാള്‍ ഒരുലക്ഷത്തേക്കാള്‍ വോട്ട് കൂടുതലായി ലഭിച്ചത്.
ഇരുപത്താറു വര്‍ഷത്തെ സേവനത്തിന് ശേഷം പാലക്കാട് ഗവ. വിക്ടോറിയ കോളജ് പ്രിന്‍സിപ്പലായി വിരമിക്കുന്ന ദിവസം ഇടത് അദ്ധ്യാപക സംഘടനയുടെ പിന്തുണയോടെ എസ്എഫ്‌ഐക്കാര്‍ പ്രതീകാത്മക കുഴിമാടം നിര്‍മിച്ചാണ് ഡോ. ടി.എന്‍. സരസുവിനെ യാത്രയാക്കിയത്. ഇത് വന്‍ ചര്‍ച്ചയാവുകയും വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ആലത്തൂര്‍ സ്ഥാനാര്‍ത്ഥിയായി ഡോ. ടി.എന്‍. സരസുവിനെ പ്രഖ്യാപിച്ചത് മുതല്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഫോണില്‍ വിളിച്ച് ആശംസകളിറയിച്ചിരുന്നു. അവരുമായി 10 മിനിറ്റോളം സംസാരിക്കുകയും കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഴിമതി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ തക്കതായ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഡോ. സരസുവിന് ഉറപ്പുനല്കുകയും ചെയ്തു. ഈ സംഭവം മണ്ഡലത്തില്‍ കോളിളക്കംതന്നെയുണ്ടാക്കി. ടീച്ചര്‍ക്ക് കക്ഷിരാഷ്‌ട്രീയത്തിനതീതമായി നിരവധി സ്ത്രീകളാണ് പിന്തുണയുമായെത്തിയത്. ഡോ. ടി.എന്‍. സരസു 1,86,441 വോട്ടു നേടിയത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംപിയുമായ രമ്യ ഹരിദാസിന് തിരിച്ചടിയായി.
മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ. രാധാകൃഷ്ണന്‍ 3,98,818 (ഭൂരിപക്ഷം 19587) വോട്ട് നേടി വിജയിച്ചപ്പോള്‍ രമ്യഹരിദാസിന് ലഭിച്ചത് 3,79,231 വോട്ടാണ്. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ലഭിച്ച ഏക മണ്ഡലമായ ആലത്തൂര്‍ യുഡിഎഫില്‍നിന്ന് തിരിച്ചുപിടിച്ചു എന്ന് അവകാശപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: