കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും മികച്ച കുട്ടി കര്‍ഷക അവാര്‍ഡ് ജേതാവ് വേങ്ങേരി നങ്ങാളിപറമ്പ് മീത്തല്‍ ദേവകി നിലയത്തില്‍ ദേവിക ലക്ഷ്യം വെക്കുന്നത് ആയിരം വൃക്ഷത്തൈകള്‍ നടാന്‍.
പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന പ്രൊഫ. ടി. ശോഭീന്ദ്രനാണ് ദേവികയുടെ പ്രയത്നത്തിന് തുടക്കമിട്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 434 വൃക്ഷത്തൈകള്‍ നട്ട ഈ മിടുക്കി കോഴിക്കോട് നഗരത്തില്‍ മാത്രം നട്ടത് 100 തൈകളാണ്. 1500ല്‍ പരം വിവിധ ഇനത്തില്‍പ്പെട്ട വൃക്ഷത്തൈകള്‍ ദേവിക വീട്ടില്‍ ശേഖരിച്ചിട്ടുണ്ട്. മുളപ്പിച്ചെടുക്കാന്‍ പാകത്തിനായ 5000 ത്തില്‍ പരം വിത്തിനങ്ങളും ദേവികയുടെ ശേഖരത്തില്‍ ഉണ്ട്. ചേര്‍ത്തലയില്‍ നടന്ന 15 ാമത് അക്ഷയശ്രീ സമ്മേളനത്തില്‍ കേരളത്തിലെ ഏറ്റവും നല്ല കുട്ടികര്‍ഷക അവാര്‍ഡ് മലാപ്പറമ്പ് ലിറ്റില്കിങ് ആംഗ്ലോ ഇന്ത്യന്‍ സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവിക ദീപകിനായിരുന്നു.
കേരളത്തിലും കര്‍ണാടകയിലുമുള്ള പ്രമുഖരായ 180 ല്‍ പരം വ്യക്തികള്‍ ദേവികയെ ആദരിച്ചിട്ടുണ്ട്. ഇതില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, മന്ത്രിമാരായ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, വനം വകുപ്പ് മന്ത്രി ശശീന്ദ്രന്, കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കൂടാതെ വിവിധ ക്ഷേത്രങ്ങള്‍, പോലീസ് സ്റ്റേഷനുകള്‍, ആര്‍മി തുടങ്ങി ദേവികയെ ആദരിച്ചവരുടെ നിര നീണ്ടുപോകുന്നു.
ജൈവമാലിന്യങ്ങള്‍ വളമാക്കി മാറ്റുക, കരിയിലകള്‍ കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കുക എന്നിവയിലും ദേവിക ശ്രദ്ധിക്കുന്നു. ജൂണ്‍ 1 മുതല്‍ വൃക്ഷത്തൈ നടീലിന് ദേവിക തുടക്കം കുറിച്ചത് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെയും കോഴിക്കോട് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്, ഐജി കെ. സേതുരാമന് എന്നിവര്‍ക്കൊപ്പമാണ്.
ആകസ്മികമായാണ് ദേവിക വൃക്ഷത്തൈ നടീല്‍ യജ്ഞത്തിന് തുടക്കംകുറിച്ചത്. സ്കൂളിലെ പരിസ്ഥിതി ദിനത്തില്‍ ബാക്കിയായ 16 തൈകള്‍ ദേവിക വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. മൂന്ന് സെന്റ് സ്ഥലത്ത് ഇത്രയും തൈകള്‍ നടാന്‍ പറ്റില്ലെന്നായപ്പോഴാണ് റോഡരികുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈ നടാന്‍ തുടങ്ങിയത്. ഇതോടെ ക്ഷേത്രങ്ങള്‍, സ്കൂളുകള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മരം നടാന്‍ തുടങ്ങി.
ഇപ്പോള്‍ ജില്ലയിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും ദേവിക മരത്തൈകളുമായി എത്തിയിട്ടുണ്ട്. മരം നടുക മാത്രമല്ല അത് പരിപാലിക്കണമെന്നും ദേവിക ഇടയ്ക്കിടെ ഓര്‍മിപ്പിക്കും. അച്ഛന് ദീപക്കും അമ്മ സിന്‍സിയും ദേവികയുടെ ശ്രമങ്ങള്‍ക്ക് താങ്ങും തണലുമായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: