ന്യൂദല്‍ഹി: യുപിയിലെയും രാജസ്ഥാനിലെയും തിരിച്ചടികള്‍ ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയെ പിന്നോട്ടടിച്ചപ്പോഴും ബിജെപി തരംഗം ആഞ്ഞടിച്ചത് മധ്യപ്രദേശ്, ഗുജറാത്ത്, ദല്‍ഹി, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍. ഈ സംസ്ഥാനങ്ങളിലെ 82 ലോക്സഭാ സീറ്റുകളില്‍ 80 എണ്ണവും ബിജെപി നേടി.
ദല്‍ഹിയിലും ഉത്തരാഖണ്ഡിലും ബിജെപി മുഴുവന്‍ സീറ്റുകളും തൂത്തുവാരി ഹാട്രിക് വിജയം നേടി. മധ്യപ്രദേശിലെ 29 സീറ്റുകളില്‍ 29, ഗുജറാത്തിലെ 26ല്‍ 25 സീറ്റുകളും ബിജെപി നേടി. ഛത്തീസ്ഗഢിലെ 11ല്‍ 10, ഹിമാചല്‍പ്രദേശിലെ നാലില്‍ നാലും അരുണാചല്‍പ്രദേശിലെ രണ്ടില്‍ രണ്ടും ത്രിപുരയിലെ രണ്ടില്‍ രണ്ടു സീറ്റുകളും ബിജെപി നേടി. 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ദല്‍ഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മുഴുവന്‍ സീറ്റുകളിലും ബിജെപിയാണ് വിജയിച്ചിരുന്നത്. ഉത്തരാഖണ്ഡില്‍ അഞ്ചും ദല്‍ഹിയില്‍ ഏഴും മണ്ഡലങ്ങളാണുള്ളത്.
ദല്‍ഹി: ആപ്പും കോണ്‍ഗ്രസും ഇന്‍ഡി മുന്നണിയിലെ മറ്റു പാര്‍ട്ടികളും ഒറ്റക്കെട്ടായാണ് ദല്‍ഹിയില്‍ ബിജെപിക്കെതിരെ മത്സരിച്ചത്. എന്നിട്ടും വിജയം ആവര്‍ത്തിക്കാന്‍ ബിജെപിക്കായി. ദല്‍ഹിയുടെ ഭരണം ആപ്പിന്റെ കയ്യിലായിരുന്നിട്ടും ഒരു സീറ്റുപോലും അവര്‍ക്ക് പിടിച്ചെടുക്കാനായില്ല. കാവിക്കോട്ട തകര്‍ക്കുകയെന്ന ലക്ഷ്യം വെച്ചായിരുന്നു ഈ സഖ്യത്തിന്റെ രൂപീകരണം. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുള്‍പ്പെടെ സഖ്യത്തില്‍ പ്രതിഷേധിച്ച് രാജി വെച്ചിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇ ഡി അറസ്റ്റുചെയ്തത് വോട്ടാക്കി മാറ്റാമെന്ന ചിന്തയായിരുന്നു ഇന്‍ഡി സഖ്യത്തിന്. എന്നാല്‍ രാജ്യതലസ്ഥാനം ബിജെപിക്കൊപ്പമാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചു. സിറ്റിങ് എംപി മനോജ് തിവാരി, മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജ് എന്നിവര്‍ ദല്‍ഹിയില്‍ വിജയിച്ചവരില്‍ പ്രമുഖരാണ്. സിപിഐ വിട്ട് കോണ്‍ഗ്രസിലെത്തിയ കനയ്യകുമാറിന് കനത്ത തോല്‍വിയാണ് നോര്‍ത്ത് ഈസ്റ്റി ദല്‍ഹി മണ്ഡലത്തിലുണ്ടായത്. 1,22,864 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ സിറ്റിംഗ് എംപികൂടിയായ മനോജ് തിവാരിക്ക് ലഭിച്ചത്.
മധ്യപ്രദേശ്: ബിജെപിയുടെ മറ്റൊരു ശക്ത്രികേന്ദ്രമായ മധ്യപ്രദേശില്‍ 29ല്‍ 29 സീറ്റും ബിജെപി നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട ഒരു സീറ്റുകൂടി ബിജെപി ഇത്തവണ തിരിച്ചുപിടിച്ചു. മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എട്ടു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിധിഷയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഇന്‍ഡോറില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശങ്കര്‍ ലാല്‍വാനി 11,75,092 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപി തുടര്‍ച്ചയായി വിജയിച്ച മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് കാണിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ച് ഇവിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ഗുജറാത്ത്: ഗുജറാത്തിലെ 26ല്‍ 25 സീറ്റുകളും ബിജെപി പിടിച്ചു. സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ശേഷിച്ച 25 സീറ്റുകളിലേക്കായിരുന്നു ഇവിടെ വോട്ടെടുപ്പ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ 7,44,716 വോട്ടുകള്‍ക്ക് ഗാന്ധിനഗറില്‍ നിന്ന് രണ്ടാംതവണയും തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രിമാരായ ദേവുസിങ് ചൗഹാന്‍ 3,57,758 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഖേഡയില്‍ നിന്നും പര്‍ഷോത്തം രൂപാല 4,81, 882 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാജ്‌കോട്ടില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. പോര്‍ബന്തറില്‍ നിന്ന് വിജയിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ 3,80,285 വോട്ടുകളുടെ ഭൂരിപക്ഷം നേടി. സിറ്റിങ് എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ സി.ആര്‍. പാട്ടീല്‍ 7,67,969 വോട്ടുകള്‍ക്കാണ് നവസാരിയില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ അഞ്ചില്‍ അഞ്ചു സീറ്റുകളും പിടിച്ച് ഹാട്രിക് വിജയമാണ് ബിജെപി നേടിയത്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് ഭട്ട്, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി കൂടിയായ ത്രിവേന്ദ്രസിങ് റാവത്ത്, ബിജെപി ദേശീയ മീഡിയ കണ്‍വീനര്‍ അനില്‍ ബലൂനി എന്നിവര്‍ ഇവിടെ വിജയിച്ച പ്രമുഖരാണ്. 3,34,548 വോട്ടുകളുടെ ഭൂരിപക്ഷമാണ് നൈനിറ്റാളില്‍ അജയ് ഭട്ടിന് ലഭിച്ചത്.
ഹിമാചല്‍പ്രദേശ്: കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശില്‍ നാലില്‍ നാലുസീറ്റുകളും ബിജെപി തൂത്തുവാരി. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ 1,82,357 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിറ്റിങ് സീറ്റായ ഹാമിര്‍പുരില്‍ വിജയിച്ചത്. നടി കങ്കണ റണാവത്തിനെ രംഗത്തിറക്കി 2021ലെ ഉപതെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട മാണ്ഡി മണ്ഡലം ബിജെപി തിരിച്ചുപിടിച്ചു. 2014ലും 2019ലും ഇവിടെ ബിജെപിയാണ് വിജയിച്ചിരുന്നത്. 74,755 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സംസ്ഥാനമന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യസിങ്ങിനെ ഇവിടെ അവര്‍ പരാജയപ്പെടുത്തിയത്.
ത്രിപുര: ത്രിപുരയിലെ രണ്ടില്‍ രണ്ടു സീറ്റും ബിജെപി നിലനിര്‍ത്തി. ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ മുന്‍മുഖ്യമന്ത്രിയും സിറ്റിങ് എംപിയുമായ ബിപ്ലവ്കുമാര്‍ ദേവ് 6,11,578 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ത്രിപുര ഈസ്റ്റ് മണ്ഡലത്തില്‍ കൃതി ദേവി ദേബര്‍മ്മന്‍ 4,86,819 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. രാജകുടുംബാംഗവും തിപ്രമോത സ്ഥാപകന്‍ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ്ബര്‍മയുടെ സഹോദരിയുമാണ് കൃതി ദേവി ദേബര്‍മ്മന്‍.
അരുണാചല്‍പ്രദേശ്: അരുണാചല്‍പ്രദേശിലെ രണ്ടില്‍ രണ്ട് സീറ്റും ബിജെപി നിലനിര്‍ത്തി. കേന്ദ്രമന്ത്രി കിരണ്‍ റിജിജു 1,00,738 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അരുണാചല്‍ വെസ്റ്റില്‍ നിന്ന് വിജയിച്ചു. അരുണാചല്‍ ഈസ്സില്‍ നിന്ന് തപിര്‍ ഗാവോ 30,421 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഛത്തീസ്ഗഢില്‍ 2019ല്‍ ലഭിച്ചത് ഒന്‍പത് സീറ്റുകളായിരുന്നെങ്കില്‍ ഇത്തവണ അത് പത്തായി ഉയര്‍ത്തി.
ബംഗാളില്‍ പിന്നോട്ട്; ബിഹാറില്‍ പിടിച്ചുനിന്നു
ന്യൂദല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്വത്തിന് അന്ത്യം കൊണ്ടുവരാന്‍ ഇത്തവണയും ബിജെപിക്ക് സാധിച്ചില്ല. 29 സീറ്റുകളില്‍ ടിഎംസി വിജയിച്ചപ്പോള്‍ ബിജെപിയുടെ വിജയം 12 സീറ്റുകളിലേക്ക് ഒതുങ്ങി. കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയിച്ചു. ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ബഹറാന്‍പൂരില്‍ ക്രിക്കറ്റ് താരവും ടിഎംസി സ്ഥാനാര്‍ത്ഥിയുമായ യൂസഫ് പഠാനോട് പരാജയപ്പെട്ടു.
ബിഷ്ണുപൂര്‍, പുരുലിയ, റാണാഘട്ട്, ബാങ്കാവ് തുടങ്ങിയ മധ്യബംഗാള്‍ മണ്ഡലങ്ങളും മാള്‍ഡ മുതല്‍ ഡാര്‍ജിലിംഗ് വരെയുള്ള ഉത്തര ബംഗാള്‍ മണ്ഡലങ്ങളും ബിജെപി വിജയിച്ചു. കൂച്ച് ബിഹാറിലെ കേന്ദ്രമന്ത്രി നിശിത് പ്രാമാണിക്കിന്റെ പരാജയം അപ്രതീക്ഷിതമായി.
യുപിയിലേതിന് സമാനമായ തിരിച്ചടിക്ക് സാധ്യതയുണ്ടായിട്ടും ബിഹാറില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചത് എന്‍ഡിഎ സഖ്യത്തിന് നേട്ടമായി. ആകെയുള്ള നാല്‍പ്പതു സീറ്റുകളില്‍ 30 ഇടത്തും എന്‍ഡിഎ വിജയിച്ചു. ബിജെപിക്കും ജെഡിയുവിനും 12 വീതം സീറ്റുകള്‍ ലഭിച്ചപ്പോള്‍ എല്‍ജെപിക്ക് അഞ്ച് സീറ്റുകളും മുന്‍മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ എച്ച്എഎംഎസിന് ഒരു സീറ്റും ലഭിച്ചു. ബിഹാര്‍ പിടിച്ചടക്കുമെന്ന് വീമ്പു പറഞ്ഞ ആര്‍ജെഡിയുടേയും തേജസ്വി യാദവിന്റെയും പോരാട്ടം നാലു സീറ്റിലൊതുങ്ങി. കോണ്‍ഗ്രസിന് മൂന്നു സീറ്റുകളും ലഭിച്ചു.
മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളായ കിഷന്‍ഗഞ്ചും കാത്തിഹാറും കോണ്‍ഗ്രസ് നേടി. പാട്ന സാഹിബില്‍ രവിശങ്കര്‍ പ്രസാദ്, ബേഗുസരായിയില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, പൂര്‍വ്വി ചമ്പാരനില്‍ രാധാ മോഹന്‍സിങ്, സരണില്‍ രാജീവ് പ്രതാപ് റൂഡി, ഹാജിപൂരില്‍ ചിരാഗ് പാസ്വാന്‍ എന്നിവരും വിജയിച്ചു.
ഒഡീഷ: വടക്കന്‍, തീരദേശ മേഖലകളല്‍ ബിജെപിക്ക് വന്‍ മുന്നേറ്റം
ന്യൂദല്‍ഹി: വടക്കന്‍, തീരദേശ മേഖലകളില്‍ വന്‍ വിജയം കുറിച്ചാണ് ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രം കുറിച്ചത്. ഭൂല്‍ബനി, ബീജേപൂര്‍ മേഖലകളിലും ഹിന്ദോള്‍ മേഖലയിലും ബിജെപി തന്നെയാണ് എല്ലാ മണ്ഡലത്തിലും വിജയിച്ചത്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, മുന്‍ കേന്ദ്ര മന്ത്രി ജുവല്‍ ഒറോം, ബിജെപി ദേശീയ വക്താവ് സംപിത് പാത്ര, കേന്ദ്രപാറ ലോക്സഭാ സീറ്റില്‍ വിജയിച്ച ബിജെപി ദേശീയ ഉപാധ്യക്ഷന്‍ വൈജയന്ത് പാണ്ഡ എന്നിവരിലൊരാള്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്നാണ് വാര്‍ത്തകള്‍.
സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ബിജെപി ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദത്തിലേക്ക് ആരെന്നത് വരുംദിവസങ്ങളില്‍ ബിജെപി ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും ചേര്‍ന്നുള്ള യോഗത്തില്‍ തീരുമാനിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മന്‍മോഹന്‍ സമാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: