ന്യൂദല്‍ഹി: 2019ല്‍ ശരിയായി തെരഞ്ഞെടുപ്പ് പ്രവചനം നടത്തിയ കമ്പനിയായ ആക്സിസ് മൈ ഇന്ത്യയ്ക്ക് 2024ലെ പ്രവചനം പിഴച്ചു- ഇപ്പോള്‍ എവിടെയൊക്കെയാണ് പ്രവചനത്തില്‍ പിഴവ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണ് ആക്സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത
എക്സിറ്റ് പോള്‍ നടത്തിയതില്‍ മൂന്ന് സംസ്ഥാനങ്ങളിലെ പ്രവചനം പിഴച്ചുപോയെന്ന് ആക്സിസ് മൈ ഇന്ത്യയുടെ പ്രദീപ് ഗുപ്ത പറയുന്നു. മഹാരാഷ്ട്ര, ബംഗാള്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലെ പ്രവചനമാണ് പിഴച്ചത്. ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎയ്ക്ക് 361 മുതല്‍ 401 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രദീപ് ഗുപ്ത പ്രവചിച്ചത്. 2019ല്‍ മോദി വീണ്ടും ഭരണത്തില്‍ വരുമെന്ന് കൃത്യമായി പ്രവചിച്ചതിനാല്‍ ഇദ്ദേഹത്തിന്റെ ഈ പ്രവചനത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം ലഭിച്ചു. ഇന്ത്യാടുഡേയുമായി ആക്സിസ് മൈ ഇന്ത്യ പ്രവചനവും മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
“മഹാരാഷ്ട്ര, ബംഗാള്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലെ പ്രവചനമാണ് പിഴച്ചത്. പ്രവചിച്ചതിനേക്കാള്‍ മോശം പ്രകടനമാണ് ഈ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി കാഴ്ചവെച്ചത്. ഇതിന് കാരണം ദളിത് വോട്ടുകള്‍ ബിജെപിയില്‍ നിന്നും ചോര്‍ന്നതാണ്. “- പ്രദീപ് ഗുപ്ത പറയുന്നു.
“ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് 80ല്‍ 67 സീറ്റുകളാണ് എക്സിറ്റ് പോളില്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎയ്ക്ക് 38 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. ബിജെപിയ്ക്ക് എക്സിറ്റ് പോളില്‍ പറഞ്ഞതിനേക്കാള്‍ 30 സീറ്റുകളാണ് കുറഞ്ഞുപോയത്. ബംഗാളില്‍ 26 മുതല്‍ 32 സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ പറഞ്ഞത്. എന്നാല്‍ ഇവിടെ 11 സീറ്റുകളേ ബിജെപിക്ക് കിട്ടിയുള്ളൂ. അതായത് എക്സിറ്റ് പോള്‍ പ്രവചനത്തേക്കാള്‍ 15 സീറ്റുകളുടെ കുറവ്. മഹാരാഷ്ട്രയില്‍ എന്‍ഡിഎ 28സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ കിട്ടിയത് വെറും 20 സീറ്റുകളാണ്. ഇവിടെ എക്സിറ്റ് പോള്‍ പ്രവചനത്തേക്കാള്‍ എട്ട് സീറ്റുകളാണ് കുറഞ്ഞുപോയത്. ഇതുവഴി പ്രവചിച്ചതിനേക്കാള്‍ 60 സീറ്റുകള്‍ കുറഞ്ഞു. ഇത് എന്തുകൊണ്ട് എന്ന് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു “- പ്രദീപ് ഗുപ്ത പറയുന്നു.
”
ഈ മൂന്ന് സംസ്ഥാനങ്ങളില്‍- മഹാരാഷ്ട്ര, ബംഗാള്‍, ഉത്തര്‍പ്രദേശ്- എന്നിവിടങ്ങളില്‍ ദളിത് വോട്ടുകള്‍ ചോര്‍ന്നിരിക്കാമെന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുന്നത്. എപ്പോഴൊക്കെ മതത്തെക്കുറിച്ച് ചര്‍ച്ചകള്‍ വര്‍ധിക്കുന്നുവോ അപ്പോള്‍ ദളിത് വോട്ടര്‍മാര്‍ അകലുന്നതായി കാണുന്നു.” -പ്രദീപ് ഗുപ്ത പറയുന്നു.
മഹാരാഷ്ട്രയില്‍ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി തകര്‍ന്നത് ഇന്ത്യാമുന്നണിയെ സഹായിച്ചു.
അതേ സമയം മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളില്‍ എക്സിറ്റ് പോള്‍ പ്രവചനം ശരിയായിരുന്നു. ആന്ധ്ര, ഒഡിഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നടത്തിയ പ്രവചനങ്ങളും ശരിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: